National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയിൽനിന്ന് ഒരടി പിന്നോട്ടില്ലെന്നു തീരുമാനമെടുത്തതോടെ രൂപവും ഭാവവും മാറി പ്രതിപക്ഷ പ്രതിഷേധം. വോട്ടുകൊള്ള നടത്തിയ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം അടിവരയിടുന്ന തരത്തിലാണ് തുടർച്ചയായ രണ്ടാം ദിനവും രാജ്യ തലസ്ഥാനം സമരത്തീയിൽ ഉരുകിയത്.
പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ എംപിമാർക്ക് രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ നൽകിയ ഉച്ചഭക്ഷണത്തിനു പിന്നാലെയാണ് മിന്നൽ പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാർ കേന്ദ്രസർക്കാരിനെയും പൊലിസിനെയും വട്ടം കറക്കിയത്.
◄ബസുകൾ തടഞ്ഞതോടെ പ്രതിഷേധം
കൊണാട്ട് പ്ലേസിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ജന്തർ മന്തറിലേക്ക് മൂന്നു ബസുകളിലായി പോകാനുള്ള പ്രതിപക്ഷ എംപിമാരുടെ നീക്കം പാതിവഴിയിൽവച്ച് പൊലിസ് തടഞ്ഞതോടെ പ്രതിഷേധം അണപൊട്ടി. പ്രവർത്തകരും പൊലിസും നടുറോഡിൽ ഏറ്റുമുട്ടി. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുൾപ്പടെയുള്ള നേതാക്കളെ പൊലിസ് വലിച്ചിഴച്ചു കസ്റ്റഡിയിലെടുത്തതോടെ ഡൽഹിയിലെ തിരക്കേറിയ മേഖലകളിൽ മണിക്കൂറോളം അരങ്ങേറിയത് നാടകീയ രംഗങ്ങൾ.
◄രാഹുലിനെ കൊണ്ടുപോയ വാൻ പഞ്ചറാക്കി
രാഹുലിനെ കസ്റ്റഡിയിലെടുത്തുകൊണ്ടുപോയ വാനിന്റെ ടയർ പാതിവഴിയിൽ കോൺഗ്രസ് പ്രവർത്തകർ പഞ്ചറാക്കിയതോടെ പൊലിസ് കൂടുതൽ പ്രതിരോധത്തിലായി. പിന്നീട് മറ്റൊരു വാഹനം എത്തിച്ചാണ് രാഹുലിനെ മാത്രമായി ബാരക്കമ്പ പൊലിസ് സ്റ്റേഷനിലേക്കു കൊണ്ടുപോയത്. കസ്റ്റഡിയിലെടുത്ത രാഹുൽ ഉൾപ്പടെയുള്ള നേതാക്കളെ പിന്നീട് വിട്ടയച്ചു.
പതിവു തെറ്റിച്ച് സ്വന്തം വസതിയിൽ നൽകേണ്ടിയിരുന്ന വിരുന്ന് തിരക്കേറിയ കൊണാട്ട് പ്ലേസിലെ ഹോട്ടലിലേക്കു മാറ്റിയതോടെ സമരത്തിനുള്ള കോപ്പുകൂട്ടലാണെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ സമരം ഏതു രീതിയിലായിരിക്കും എന്നതിനെപ്പറ്റി ഒരു സൂചനപോലും പുറത്തുവിട്ടിരുന്നില്ല.
◄നാടകീയ രംഗങ്ങൾ
ഉച്ചഭക്ഷണം കൊണാട്ട് പ്ലേസിലാണു ക്രമീകരിച്ചിരിക്കുന്നതെന്ന് അറിഞ്ഞതിനു പിന്നാലെ വൻ പൊലിസ് സന്നാഹത്തെ പ്രദേശത്തു വിന്യസിച്ചിരുന്നു. നടക്കാൻ മാത്രം ദൂരമുള്ള സമര സിരാകേന്ദ്രമായ ജന്തർ മന്തറിലേക്ക് കൊണാട്ട് പ്ലേസിൽനിന്നുള്ള റോഡും പൊലിസ് ബാരിക്കേഡ് നിരത്തി തടഞ്ഞു.
ഭക്ഷണത്തിനുശേഷം ജന്തർ മന്തർ ലക്ഷ്യമാക്കി മൂന്നു ബസുകളിലായാണ് എംപിമാർ പുറപ്പെട്ടത്. ആദ്യത്തെ ബസിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കളുണ്ടായിരുന്നു.
ബസുകൾക്കു മുന്നിൽ കേന്ദ്രസർക്കാരിനെതിരേയും തെരഞ്ഞെടുപ്പു കമ്മിഷണർക്കെതിരേയും മുദ്രാവാക്യങ്ങളുമായി പ്രവർത്തകരും അണിചേർന്നു. ജന്തർ മന്തറിന് നൂറ് മീറ്ററോളം അകലെ എംപിമാരുടെ വാഹനം പൊലിസ് തടഞ്ഞതോടെ പ്രതിഷേധം അണപൊട്ടി.
പ്രവർത്തകരെ ബലമായി പൊലിസ് നീക്കാൻ ശ്രമിക്കുന്നതിനിടെ രാഹുൽ ഗാന്ധി റോഡിലിറങ്ങി ജന്തർ മന്തറിലേക്കു പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലിസ് അനുവദിച്ചില്ല. പിന്നാലെ പ്രിയങ്ക ഉൾപ്പടെ വനിതാ എംപിമാരും ബസിനു പുറത്തിറങ്ങി. പൊലിസ് നേതാക്കളെ ബലമായി നീക്കാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമായി.
◄രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ
രാഹുലിനെ പൊലിസ് വലിച്ചിഴച്ച് വാനിൽ കയറ്റുകയായിരുന്നു. റോഡിൽ കിടന്നു പ്രതിഷേധിച്ച പ്രിയങ്കയെയും പൊലിസ് ബലമായി കസ്റ്റഡിയിലെടുത്തു നീക്കി. എന്നാൽ, സമരപ്രദേശം പ്രവർത്തകരെക്കൊണ്ടു വളഞ്ഞതോടെ നേതാക്കളെ സ്റ്റേഷനിലേക്കു നീക്കാൻ പൊലിസ് ഏറെ പാടുപെട്ടു. ഇതിനിടെയാണ് രാഹുലിനെ കൊണ്ടുപോയ വാനിന്റെ ടയർ പ്രവർത്തകർ പഞ്ചറാക്കിയത്.
തൊട്ടടുത്ത് കേരള ഹൗസിലുണ്ടായിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശനും സമരം നടന്ന സ്ഥലത്തേക്കു കാൽനടയായി എത്തി. രാഹുലിനെ കൊണ്ടുപോയ ബാരകമ്പ പൊലിസ് സ്റ്റേഷനിലും നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. രാഹുലിനെ കാണാനെത്തിയ വി.ഡി. സതീശൻ ഉൾപ്പടെയുള്ളവരെ പൊലിസ് തടഞ്ഞു. ഏറെനേരത്തെ വാക്കേറ്റത്തിനുശേഷമാണ് അദ്ദേഹത്തെ അകത്തേക്കു കടത്തിവിട്ടത്.
Leader Page
സ്വതന്ത്ര ഇന്ത്യയില്‍ പുതുചരിത്രം കുറിച്ച പ്രക്ഷോഭങ്ങള്ക്കാണു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്നത്. വിവാദ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരേയുമുള്ള സമരം ദിവസവും കൂടുതല്‍ കത്തിപ്പടരുകയാണ്.
വിദ്യാര്‍ഥികളും യുവജനങ്ങളും ഇതേ ആവശ്യവുമായി പ്രതിഷേധം തുടരുമ്പോള്‍ കേന്ദ്രസര്‍ക്കാരും ഗ്യാനേഷും പതിവില്ലാത്ത പ്രതിരോധത്തിലാണ്. സമരവീര്യത്തില്‍ രാഹുലും സഹോദരി പ്രിയങ്ക ഗാന്ധി വദ്രയും ആര്‍ക്കും പിന്നിലല്ലെന്നുകൂടി രണ്ടുദിവസത്തെ ഡല്‍ഹി പ്രക്ഷോഭം തെളിയിച്ചു. ഇതോടെ സമരാഗ്നി രാജ്യമാകെ കത്തിപ്പടരുകയാണ്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രതിപക്ഷ നേതാവ് രാഹുലിന്റെ ഗ്രാഫ് ഉയരുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രാഫ് ഇടിയുകയും ചെയ്യുന്നുവെന്നതാണു സമരപരമ്പരകളുടെ പ്രത്യേകത.
ദേശീയ തലസ്ഥാനം ഇന്നലെയും ചൊവ്വാഴ്ചയും കണ്ടതെല്ലാം മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണറായി ഗ്യാനേഷ് കുമാര്‍ തുടരാനുള്ള സാധ്യത വിരളമാക്കുകയാണ്. രണ്ടു വര്‍ഷത്തോളമായി തെളിവുകളോടെ രാഹുല്‍ ഉയര്‍ത്തിയ വോട്ടുകൊള്ള ആരോപണം ശരിവയ്ക്കുന്നതായിരുന്നു രണ്ടു തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരുടെ 14 വിയോജനക്കുറിപ്പുകള്‍.
മിന്നല്പിണറായി മിന്നല്‍സമരം
രാഹുലിന്റെ മിന്നല്‍ സമരങ്ങള്‍ മിന്നല്പിണറുകള്പോലെ വന്‍ പ്രകമ്പനം കൊള്ളിക്കുകയാണ്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം എന്നാണ് രാഹുല്‍ പ്രതിഷേധങ്ങളെ വിശേഷിപ്പിച്ചത്. മോദിയും ഷായുമല്ല, ആരു വിചാരിച്ചാലും ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍നിന്നു തങ്ങളെ തടയാനാകില്ലെന്നു രാഹുല്‍ ഇന്നലെയും ആവര്‍ത്തിച്ചു. എത്ര തടഞ്ഞാലും എത്ര ഉപദ്രിവിച്ചാലും എത്ര ത്യാഗം വേണ്ടി വന്നാലും പോരാട്ടം തുടരുമെന്ന് അദ്ദേഹം തറപ്പിച്ചുപറയുന്നു.
ഇന്ത്യ സഖ്യത്തില്‍ ആശയക്കുഴപ്പവും വിള്ളലുമുണ്ടെന്നു വരുത്താന്‍ ശ്രമിച്ച ബിജെപിയുടെയും ബിജെപി അനുകൂല മാധ്യമങ്ങളുടെയും കുപ്രചാരണം പൊളിക്കാനും രണ്ടു ദിവസമായി ഡല്‍ഹിയില്‍ നടന്ന പ്രതിപക്ഷ സമരത്തിനു കഴിഞ്ഞു. ലക്ഷ്യത്തിലേക്ക് ഒറ്റക്കെട്ടാണെന്നു പ്രതിപക്ഷം തെളിയിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ കുറഞ്ഞതൊന്നും വിലപ്പോകില്ല.
പൊലിസും അര്‍ധസൈനിക വിഭാഗങ്ങളും കിണഞ്ഞുശ്രമിച്ചിട്ടും രാഹുലിനെയും പ്രിയങ്കയെയും അറസ്റ്റ് ചെയ്തു നീക്കാന്‍പോലും മണിക്കൂറുകളെടുത്തു. പ്രതിപക്ഷ എംപിമാരെയെല്ലാം അണിനിരത്തി നടത്തിയ സമരമാര്ച്ചിനെ തടയാന്‍ പൊലിസിന്റെയും ബാരിക്കേഡുകളുടെയും ബലം പോരായിരുന്നു.
കേരളത്തില്‍നിന്നുള്ള യുഡിഎഫ്, എല്‍ഡിഎഫ് എംപിമാരെല്ലാം മാര്‍ച്ചില്‍ സജീവമായിരുന്നു. ചൊവ്വാഴ്ച ആകാശവാണി നിലയത്തിന്റെ വളപ്പിലെ ബോധിവൃക്ഷച്ചുവട്ടിലിരുന്നായിരുന്നു ഇരുവരുടെയും മണിക്കൂറുകള്‍ നീണ്ട ചെറുത്തുനില്പ്. കിണഞ്ഞുശ്രമിച്ചിട്ടും രാത്രി വരെ രാഹുലും പ്രിയങ്കയും വേണുഗോപാലും ആല്‍മര ചുവട്ടില്‍ തുടര്‍ന്ന് രാജ്യത്താകെ ജനവികാരം ഉണര്‍ത്തി. മന്ത്രിമാരുടേതിനു തുല്യമായ കാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവിനും പ്രിയങ്കയ്ക്കുമെതിരേ ബലപ്രയോഗവും മര്ദനവുമുണ്ടായതു ജനാധിപത്യത്തിനു ഭൂഷണമല്ല. മുതിര്‍ന്നവരും വനിതകളുമായ എംപിമാര്‍ക്കുമെതിരേ കൈയറ്റം നടന്നതായാണു പരാതി. പ്രതിഷേധം ആളിക്കത്തിക്കാനും ഗ്യാനേഷിന്റെ രാജി ഉറപ്പിക്കാനും മാത്രമേ സര്‍ക്കാരിന്റെ സമരവിരുദ്ധ നടപടികള്‍ വഴിതെളിക്കൂ.
ജനാധിപത്യ വ്യവസ്ഥിതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കും പ്രതിപക്ഷ നേതാവിനും പ്രതിഷേധിക്കാനും സമരം നയിക്കാനുമുള്ള അവകാശം അമര്‍ച്ച ചെയ്യാമെന്ന കേന്ദ്രസര്‍ക്കാരിന്റെ മോഹംപോലും അപകടമാകും. സര്‍ക്കാരിന്റെ നിയമലംഘനത്തിനെതിരേ നിയമലംഘനങ്ങളും വേണ്ടി വരുമെന്ന പ്രതിപക്ഷ നേതാക്കളുടെ നിലപാടു തെറ്റാകില്ല.
കേരള മുഖ്യമന്ത്രി വി.ഡി. സതീശനും തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഇന്നലെ ഡല്‍ഹിയിലെ പ്രതിഷേധത്തില്‍ പങ്കെടുത്തതും ശ്രദ്ധേയമായി.
രാഹുലിനെ കസ്റ്റഡിയിലെടുത്ത കൊണ്ടുപോയ ബാരക്കംബ റോഡ് പൊലിസ് സ്റ്റേഷനിലേക്കു ഇന്നലെ രാത്രി നടന്നു പോയ മുഖ്യമന്ത്രി സതീശനയെും എംപിമാരെയും പോലീസ് തടഞ്ഞതിനും ന്യായീകരണമില്ല. ഒടുവില്‍ പ്രതിഷേധം കനത്തതോടെയാണു സതീശനെയും പിന്നാലെയെത്തിയ രേവന്ത് റെഡ്ഡിയെയും പൊലിസ് സ്റ്റേഷനിലുള്ള രാഹുലിനെ കാണാന്‍ അനുവദിച്ചത്. കോണ്‍ഗ്രസ് നേതാവിനെ കാണാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ മുഖ്യമന്ത്രിമാരെയും എംപിമാരെയും അനുവദിക്കില്ലെന്ന നിലപാടിനു ന്യായീകരണം പോലുമില്ല. തീക്കൊള്ളികൊണ്ടു തല ചൊറിയുകയാണു കേന്ദ്രസര്‍ക്കാരെന്ന് എംപിമാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എന്തായാലും പ്രതിഷേധിക്കാനുള്ള അവകാശം കവരാന്‍ ആരെയും അനുവദിച്ചുകൂടാ.
മുന്നില്‍ കാണാതെ വെട്ടിലായി കേന്ദ്രം
മിന്നല്സമരങ്ങളുടെ പുതുരൂപങ്ങളിലൂടെയാണു രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെ തുടര്‍ച്ചയായി വെട്ടിലാക്കുന്നത്. നേരത്തെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ അതീവസുരക്ഷയുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു പുറത്തു മണിക്കൂറുകള്‍ ധര്‍ണ നടത്താന്‍ രാഹുലിനും കൂട്ടര്‍ക്കും കഴിഞ്ഞു. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അത്തരത്തിലൊരു പ്രതിഷേധം നടന്നത്. ചൊവ്വാഴ്ച തെരഞ്ഞെടുപ്പു കമ്മിഷന് ആസ്ഥാനത്തേക്കു നടത്തിയ എംപിമാരുടെ മാര്‍ച്ച് അവസാനിച്ചുവെന്ന തോന്നിച്ചപ്പോഴായിരുന്നു രാഹുലിന്റെ അപ്രതീക്ഷിത നീക്കം. തെരഞ്ഞെടുപ്പു കമ്മിഷനോടു ചേര്‍ന്നുള്ള ആകാശവാണി മന്ദിര വളപ്പിലേക്കുള്ള രാഹുലിന്റെ കുതിപ്പ് പൊലിസിനെ സ്തംബ്ധരാക്കി. എട്ടു മണിക്കൂറോളം കഴിഞ്ഞാണ് രാഹുലിനെയും പ്രിയങ്കയെയും ബലമായി നീക്കാന്‍ കഴിഞ്ഞത്.
ഇന്നലെയാകട്ടെ ഇന്ത്യ സഖ്യം എംപിമാരെ ഉച്ചഭക്ഷണത്തിനു ക്ഷണിച്ചപ്പോഴും ഡല്‍ഹി പൊലിസിനും കേന്ദ്രസര്‍ക്കാരും അപകടം മണക്കാനായില്ല. കൊണാട്ട് പ്ലേസിനടുത്ത് ഭക്ഷണം കഴിഞ്ഞ് മൂന്നു മണിയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള എംപിമാര്‍ മൂന്നു ബസുകളിലായ തിരിച്ചപ്പോള്‍ മാത്രമാണു പൊലിസ് സംശയിച്ചത്. വിന്‍ഡ്സര്‍ പ്ലേസ് സര്‍ക്കിളില്‍ ബസുകള്‍ തടഞ്ഞെങ്കിലും രാഹുലും പ്രിയങ്കയും നേരിട്ടിറങ്ങിയതോടെ പൊലിസ് വെട്ടിലായി. രാഹുലിനെ കസ്റ്റഡിയിലെടുത്ത ശേഷം പഞ്ചറായ വാഹനം മണിക്കൂറോളം പ്രധാന റോഡില്‍ കിടന്നുവെന്നതും പൊലിസിനു നാണക്കേടായി. ഇന്നലെ രാത്രി ഏഴു വരെയെങ്കിലും രാഹുലിനെ കൊണ്ടുപോകുന്നതു തടയാന്‍ യൂത്ത് കോണ്‍ഗ്രസ്, എന്എസ്യു, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക്കു കഴിഞ്ഞു.
ആയിരക്കണക്കിനു പൊലിസുകാരെയും കേന്ദ്രസേനാംഗങ്ങളെയും രംഗത്തിറക്കിയിട്ടും രാഹുലും പ്രതിപക്ഷ എംപിമാരും സമരലക്ഷ്യം കണ്ടു. ബിജെപിയിലെയും പൊലിസിലെയും തന്ത്രജ്ഞരുടെ പദ്ധതികളെല്ലാം പൊളിഞ്ഞു.
ഭിന്നിച്ച പ്രതിപക്ഷത്തെ ഒന്നിപ്പിച്ചു
കേരളം ഉള്‍പ്പടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഭിന്നിച്ചു നിന്നിരുന്ന പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ പുതിയ സമരപരമ്പരകള്‍ക്കു കഴിഞ്ഞു. കേന്ദ്രസര്‍ക്കാരും തെരഞ്ഞെടുപ്പു കമ്മിഷനും ചേര്‍ന്നു വോട്ടര്‍പട്ടികയിലും തെരഞ്ഞെടുപ്പു നടപടികളിലും കൃത്രിമം കാട്ടി ജനവിധികള്‍ അട്ടിമറിക്കുന്നതിനെതിരേ രാജ്യത്താകെ ജനവികാരം ഉണര്‍ത്താനും രാഹുലിന്റെ നേതൃത്വത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെ നടത്തിയ പ്രതിഷേധങ്ങള്‍ക്കു കഴിഞ്ഞു.
National
ന്യൂഡൽഹി: പ്രതിപക്ഷനിരയിൽ വിള്ളലുണ്ടാക്കാൻ ബിജെപി സജീവശ്രമം തുടരുമ്പോഴും വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾക്കെതിരേ ഒറ്റക്കെട്ടായി പൊരുതി ഇന്ത്യാസഖ്യം.
കേന്ദ്രസർക്കാരിനെ ലക്ഷ്യമിട്ടു മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന പ്രതിഷേധ സമരത്തിൽ സഖ്യനേതാക്കളും പ്രവർത്തകരും ഒന്നിച്ചണിനിരന്നു.
തെരഞ്ഞെടുപ്പു കമ്മിഷനെതിരേ ഇന്ത്യാസഖ്യം ഒന്നിക്കുന്ന ഇതു രണ്ടാം തവണയാണ്. ബിഹാറിലെ എസ്ഐആർ നടപ്പാക്കലിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി 2025 ഓഗസ്റ്റ് 11നായിരുന്നു പ്രതിപക്ഷ നേതാക്കൾ ആദ്യമായി തെരുവിലിറങ്ങിയത്.
അന്നു പാർലമെന്റിൽനിന്നു തെരഞ്ഞെടുപ്പു കമ്മിഷൻ ആസ്ഥാനത്തേക്കു മാർച്ച് നടത്തിയവരിൽ പലരും ഇന്ന് മുന്നണിക്കൊപ്പമില്ല. എങ്കിലും പോരാട്ടവീര്യം ഒട്ടും ചോരാതെയാണ് ഇത്തവണയും പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. അംഗസംഖ്യയിൽ കുറവുണ്ടെങ്കിലും സമരച്ചൂടിൽ തങ്ങൾ ഒപ്പമുണ്ടെന്ന ശക്തമായ സന്ദേശമാണ് കഴിഞ്ഞ രണ്ടു ദിവസമായി തലസ്ഥാനത്തുനിന്ന് ഉയർന്നുകേൾക്കുന്നത്.
രാഷ്ട്രീയകാരണങ്ങളാൽ നിലവിൽ സഖ്യത്തിനു പുറത്തുള്ള ഡിഎംകെയും ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമാജ്വാദി പാർട്ടിയും ഇടതുപക്ഷവും സഖ്യത്തിനൊപ്പം ഉറച്ചുനിൽക്കുമ്പോൾ, ചില അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസും സമരത്തിന് പിന്തുണയുമായുണ്ട്. അതേസമയം, ആം ആദ്മി പാർട്ടി സ്വന്തം നിലയിലാണു കമ്മിഷനെതിരേ പ്രതിഷേധിക്കുന്നത്.
“വോട്ട് കൊള്ള’’ എന്ന ആരോപണം രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും മാത്രം സൃഷ്ടിയാണെന്ന ധാരണയായിരുന്നു ആദ്യഘട്ടത്തിൽ മറ്റു പ്രതിപക്ഷ പാർട്ടികൾക്കുണ്ടായിരുന്നത്.
എന്നാൽ, പരമ്പരാഗതമായി തങ്ങൾക്കു സ്വാധീനമുള്ള പല സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ടതോടെയാണു വിഷയം തങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന ബോധ്യം സഖ്യകക്ഷികൾക്കുണ്ടായത്. ഇതാണു തെരഞ്ഞെടുപ്പു കമ്മിഷനെതിരേ ഒന്നിച്ചുപോരാടാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്.
National
ന്യൂഡൽഹി: ഭരണഘടനയുടെ കോപ്പി നെഞ്ചോടു ചേർത്തുപിടിച്ച്, പ്രക്ഷോഭപാതയിൽ പ്രതിരോധത്തിന്റെ ഉറച്ച കോട്ടയായി വയനാട് എംപി പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയെ പൊലിസ് പെട്ടെന്നുതന്നെ കസ്റ്റഡിയിലെടുത്തെങ്കിലും റോഡിൽ കിടന്നു പ്രതിഷേധിച്ച പ്രിയങ്കയെ നീക്കാനാകാതെ പൊലിസ് മണിക്കൂറുകളോളം വട്ടംകറങ്ങി.
മഹിളാ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം റോഡിലിറങ്ങി നിന്ന പ്രിയങ്കയ്ക്കു ചുറ്റും പ്രവർത്തകർ വലയം തീർത്തു. ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിനിടെ ബാരിക്കേഡിനു മുകളിൽ കയറി പ്രസംഗിച്ച് ആവേശം വിതറിയ പ്രിയങ്ക, ഒട്ടും ചോരാത്ത പോരാട്ട വീര്യത്തോടെയാണ് ഇന്നലെയും സമരമുഖത്തിറങ്ങിയത്.
രാഹുൽ ഗാന്ധിക്കു പിന്നാലെ പ്രിയങ്കയെയും കസ്റ്റഡിയിലെടുക്കാൻ വനിതാ പൊലിസ് സംഘമെത്തിയെങ്കിലും മഹിളാ കോൺഗ്രസ് നേതാക്കൾ അതിശക്തമായി പ്രതിരോധിച്ചു. ഒടുവിൽ പൊലിസുകാർ ബലംപ്രയോഗിച്ച് പ്രവർത്തകരെ നീക്കിയശേഷമാണു പ്രിയങ്കയെ കസ്റ്റഡിയിലെടുത്തത്.
പൊലിസ് വാഹനത്തിലേക്ക് മാറ്റുമ്പോഴും ഭരണഘടനയുടെ പകർപ്പ് നെഞ്ചോടുചേർത്തുപിടിച്ച പ്രിയങ്ക, ജനലിലൂടെ അതു പുറത്തേക്ക് ഉയർത്തിക്കാണിച്ചുകൊണ്ടിരുന്നു.
പ്രതിഷേധത്തിനിടെ പൊലിസുകാർ തന്നെ ബലമായി തള്ളിയിട്ടെന്നും ശരീരത്തിൽ പോറലേറ്റതായും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. സമരത്തിൽ പങ്കെടുത്ത തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കും പ്രതിഷേധത്തിനിടെ പരിക്കേറ്റു.
Leader Page
മിന്നലാക്രമണശൈലിയിലുള്ള സമരം. സ്വാതന്ത്ര്യനന്തര ഇന്ത്യ കണ്ടുശീലിച്ച സമരരീതികൾ മാറുന്ന അസാധാരണ കാഴ്ചകൾ. 2012ൽ നിർഭയ സംഭവത്തെത്തുടർന്ന് ഡൽഹി കണ്ട വ്യത്യസ്തമായ സമരത്തിനുശേഷം രാജ്യം കാണുന്ന പതിവു വിട്ട സമരം.
പതിറ്റാണ്ടിനുശേഷം ഒറ്റ ലക്ഷ്യത്തിൽ പ്രധാന പ്രതിപക്ഷ മുന്നണി നടത്തുന്ന സമര പരമ്പര. എന്തുകൊണ്ട് ഇത്തരം മിന്നലാക്രമണശൈലി? ആദ്യ ഉത്തരം പ്രതിപക്ഷസ്വരത്തിന് ചെവികൊടുക്കാത്ത ഭരണകൂടം എന്നതുതന്നെ. മാന്യവും ജനാധിപത്യപരവും മുൻകൂട്ടി അറിയിക്കുന്നതുമായ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഭരണകൂടം പുല്ലുവിലയാണു നൽകുന്നത് എന്നതിൽ ഭരണകക്ഷിക്കുപോലും സംശയമുണ്ടാകില്ല. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതില്ലെന്നാണല്ലോ ഭരണകക്ഷി നേതാക്കൾ പരസ്യമായിത്തന്നെ പറയുന്നത്.
സമരാവേശം ഏറ്റെടുത്ത പൊതുസമൂഹം
എന്തു വിമർശനം ഉന്നയിച്ചാലും സമരത്തിന്റെ മുദ്രാവാക്യം അതീവഗൗരവമുള്ളതാണെന്ന് പൊതുസമൂഹവും വിലയിരുത്തുന്നുണ്ട്. വോട്ട്കൊള്ളയാണെന്നും നിരവധി വോട്ടർമാരുടെ വോട്ടുകൾ തള്ളുകയും വിദേശികളെപോലും പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തുവെന്നും തെളിവുകൾ സഹിതം ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ തെറ്റായിരുന്നെങ്കിൽ എന്തുകൊണ്ട് തെരഞ്ഞെടുപ്പു കമ്മിഷൻ രാഹുലിനെതിരേ നിയമനടപടി സ്വീകരിച്ചില്ല. പിന്നീടും കൂടുതൽ തെളിവുകൾ വന്നപ്പോഴും ഒഴുക്കൻമട്ടിൽ പ്രസ്താവന നൽകി കമ്മിഷൻ തടിതപ്പിക്കൊണ്ടിരുന്നതും ജനങ്ങളുടെ മുന്നിലുണ്ട്.
ഒരു ജനാധിപത്യരാജ്യത്ത് ഇതാണോ സമരരീതിയെന്ന് ചോദ്യമുയരുന്നുണ്ട്. മാത്രമല്ല ജെൻ സി സമരംപോലെ വ്യവസ്ഥാപിതമല്ലാത്ത സമരമാർഗത്തിലേക്ക് എന്തുകൊണ്ടാണ് പ്രതിപക്ഷനേതാവടക്കം തിരിയുന്നത് എന്നതും ഏറെ ഗൗരവമുള്ളതാണ്.
പ്രതിപക്ഷത്തെ ഇത്തരം സമരരീതിയിലേക്ക് എത്തിച്ചതിന്റെ മുഖ്യകാരണക്കാർ ഭരണകക്ഷിയാണ് എന്നുതന്നെ വിലയിരുത്തേണ്ടിവരും. ജന്തർ മന്തർ ഇക്കാലമത്രയും രാജ്യതലസ്ഥാനത്തെ പ്രതിഷേധവേദിയാണ്. അവിടം കെട്ടിയടച്ച പൊലിസ് വേറെ എവിടെയാണ് സമരംചെയ്യേണ്ടതെന്ന് പറയുന്നുമില്ല.
അക്രമാസക്തമാകാതെ പ്രതിപക്ഷ സമരം
പ്രതിപക്ഷ സമരം ഒരുതരത്തിലും അക്രമാസക്തമായിരുന്നില്ല എന്നത് കാണാതിരുന്നുകൂടാ. എംപിമാരാണ് സമരത്തിനെത്തുന്നത്. അവരുടെ കൈവശം യാതൊരുവിധ ആയുധങ്ങളുമില്ല. പിന്നെ എന്തിനാണ് ജനാധിപത്യരീതിയിലുള്ള പ്രതിഷേധത്തെ ഭരണകൂടം ഇത്രമാത്രം ഭയപ്പെടുന്നത് എന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഉത്തരം നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കഴിഞ്ഞിട്ടില്ല. എംപിമാർ ജന്തർ മന്തറിൽ സമാധാനപരമായി സമരം ചെയ്താൽ എന്താണു കുഴപ്പമെന്ന് സർക്കാരാണ് വ്യക്തമാക്കേണ്ടത്. ഈ സമരം വലിയ നിയമലംഘനമാണെങ്കിൽ പ്രതിപക്ഷ നേതാവിനെയും പ്രതിഷേധിക്കുന്ന എംപിമാരെയും എന്തുകൊണ്ട് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി നിയമപരമായ ശിക്ഷ നൽകുന്നില്ല എന്നതിനും പൊലിസ് ഉത്തരം പറയേണ്ടതുണ്ട്.
ചരിത്രയാഥാർഥ്യം മറക്കുന്ന ഭരണകൂടം
ജനാധിപത്യത്തിനുമേൽ കൈവയ്ക്കുന്നവർക്ക് ഇന്ത്യൻ ജനത മാപ്പു നൽകിയ ചരിത്രമില്ല. ഈ ചരിത്ര യാഥാർഥ്യത്തെ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറക്കുകയാണെങ്കിൽ കനത്ത വില നൽകേണ്ടിവരും. നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യത്ത് ഉയർന്നുവന്ന ജെൻ സി പ്രക്ഷോഭം വ്യക്തമായ സൂചന നൽകിയതാണ്. എസ്ഐആർ വിഷയത്തിലും യുവപ്രക്ഷോഭകർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
കോക്രോച്ച് ജനതാ പാർട്ടിയുടെ സമരം മുന്നിൽക്കണ്ടായിരിക്കാം രാഹുൽ ഗാന്ധി പ്രകോപനപരമായ മിന്നലാക്രമണ സമരശൈലി സ്വീകരിച്ചിരിക്കുന്നത്. പൊലിസ് പറയുന്നതുപോലെ പ്രതിഷേധസമരം നടത്തുന്ന കാലം അവസാനിച്ചിരിക്കുന്നുവെന്ന് ഭരണകൂടം ഇനിയും തിരിച്ചറിയാത്തതാണ് അദ്ഭുതം.
ഇത്രമാത്രം ആരോപണം നേരിട്ട ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ ശ്രമിക്കുംതോറും സർക്കാരിന്റെ പ്രതിഛായ മോശമായിക്കൊണ്ടേയിരിക്കുമെന്നതാണ് വസ്തുത. പ്രതിപക്ഷത്തിന് കരുത്തു കൂടുകയും ചെയ്യും.
പാർലമെന്റിൽ മാത്രമല്ല തെരുവിലും പോരാടാൻ ശക്തിയുണ്ടെന്ന് പ്രതിപക്ഷം തെളിയിച്ചുകഴിഞ്ഞു. ലോകം ഇതെല്ലാം കാണുന്നുണ്ട്.
ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പ്രക്ഷോഭമെന്നുതന്നെയാണ് ആഗോള മാധ്യമങ്ങൾ ഇതിനെ വിലയിരുത്തുന്നതും. അതിനാൽ എത്രയും പെട്ടന്ന് എസ്ഐആർ നടപടികളിൽ വന്ന വീഴ്ച തിരുത്തുന്നതായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ സർക്കാരിനും ഗുണകരം. അതിൽ പ്രധാനം ഗ്യാനേഷ് കുമാറിനെ മാറ്റുക എന്നതും.
National
ആഗ്ര: കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ചിനു പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ആഗ്രയിലെ വീട്ടിൽ ഇന്നലെ ഗംഗാജലം തളിച്ച് ശുദ്ധീകരണം നടത്തി.
ആഗ്ര വിജയ്നഗർ മേഖലയിലെ വീട്ടിലേക്ക് സെപ്റ്റംബർ 28നാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്. തുടർന്ന് മതിലിലിൽ, ഗ്യാനേഷ് കള്ളനും രാജ്യദ്രോഹിയുമാണെന്ന മുദ്രാവാക്യങ്ങൾ എഴുതുകയും ചെയ്തു.
കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനു ശേഷം വീടും പരിസരവും വൃത്തികേടായെന്ന് ഗ്യാനേഷിന്റെ അമ്മ സത്യവതി ഗുപ്ത പറഞ്ഞു.
പ്രതിഷേധത്തിനിടെ ഉയർന്ന മുദ്രാവാക്യങ്ങൾ വളരെ മോശമായിരുന്നുവെന്നും അതിനാലാണു ക്ഷേത്രത്തിൽനിന്നു വീട്ടിലേക്ക് കലശയാത്ര നടത്തിയശേഷം ഗംഗാജലംകൊണ്ട് ശുദ്ധീകരണം നടത്തിയതെന്നു സത്യവതി ഗുപ്ത കൂട്ടിച്ചേർത്തു. രാമായണത്തിലെ സുന്ദരകാണ്ഡത്തിൽനിന്നുള്ള ശ്ലോകങ്ങൾ ഉരുവിട്ടുകൊണ്ടായിരുന്നു ശുദ്ധീകരണം.
ശുദ്ധീകരണത്തിനെതിരേ കോൺഗ്രസ് രംഗത്തെത്തി. ഗ്യാനേഷ് കുമാറിനു ജ്ഞാനമുണ്ടാകാൻ യജ്ഞമാണു നടത്തേണ്ടിയിരുന്നതെന്ന് ആഗ്ര സിറ്റി കോൺഗ്രസ് അധ്യക്ഷൻ അമിത് സിംഗ് പരിഹസിച്ചു. അത്തരം യജ്ഞം നടത്തിയാൽ കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കും. തൊട്ടുകൂടായ്മയുടെ മനോഭാവമാണ് ശുദ്ധീകരണത്തിലൂടെ വെളിപ്പെട്ടത്.
ദളിത് വിഭാഗക്കാർ വീടിന്റെ മതിലിൽ തൊട്ടതുകൊണ്ടാണ് ശുദ്ധീകരണം നടത്തിയത്- അമിത് സിംഗ് പറഞ്ഞു.
ഗ്യാനേഷ് കുമാറിന്റെ വീട്ടിലേക്കുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് ആറു കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് ഒക്ടോബർ ആറിനു ജാമ്യം ലഭിച്ചു.
National
ന്യൂഡൽഹി: അർഹതയുള്ള ഏതൊരു പൗരനും അവരുടെ ഭരണഘടനാപരമായ വോട്ടവകാശം നഷ്ടപ്പെടാൻ ഇടയാകരുതെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ).
അതിനായി എസ്ഐആർ പ്രക്രിയ തികച്ചും സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ രീതിയിൽ നടപ്പിലാക്കാൻ തെരഞ്ഞെടുപ്പു കമ്മിഷൻ തയാറാകണമെന്നും സിബിസിഐ വാർത്താക്കുറിപ്പിൽ അഭ്യർഥിച്ചു.
യോഗ്യതയുള്ള വ്യക്തികൾക്ക് വോട്ടവകാശം നിഷേധിക്കപ്പെടുന്നത് ജനാധിപത്യത്തിനുതന്നെ അപകടകരമാണ്. ജനങ്ങൾ തെരഞ്ഞെടുപ്പുസംവിധാനങ്ങളിൽ അർപ്പിക്കുന്ന തികഞ്ഞ വിശ്വാസത്തിലാണ് ജനാധിപത്യത്തിന്റെ അടിത്തറ നിലകൊള്ളുന്നത്.
ആ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടതും അർഹരായ മുഴുവൻ പൗരന്മാരുടെയും വോട്ട് ഉറപ്പുവരുത്തേണ്ടതും തെരഞ്ഞെടുപ്പു കമ്മിഷന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്.
ജനാധിപത്യതത്വങ്ങൾ എല്ലാ തലങ്ങളിലും സംരക്ഷിക്കപ്പെടണമെന്നും യാതൊരുവിധ പക്ഷപാതവുമില്ലാതെ കമ്മിഷൻ പ്രവർത്തിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
കൂടാതെ, എസ്ഐആറുമായി ബന്ധപ്പെട്ട ന്യായമായ ആവശ്യങ്ങൾക്കും ജനാധിപത്യഘടനയുടെ സംരക്ഷണത്തിനുമായി രംഗത്തിറങ്ങിയിട്ടുള്ള എല്ലാ പ്രക്ഷോഭകർക്കും പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
National
ന്യൂഡൽഹി: ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധത്തിൽ സർപ്രൈസ് എൻട്രി നടത്തി കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ.
മൂന്ന് ബസുകളിലായി ഇന്നലെ ജന്തർ മന്തറിലേക്കു നീങ്ങിയ പ്രതിപക്ഷ എംപിമാരെ ജന്തർ മന്തറിനടുത്തുള്ള ഷാംഗ്രി-ലാ ഇ റോസ് ഹോട്ടലിനുമുന്നിൽ ബാരിക്കേഡുകളിട്ടു തടഞ്ഞപ്പോൾ ഇവിടെനിന്ന് 300 മീറ്റർ മാത്രം മാറിയുള്ള കേരള ഹൗസിലായിരുന്നു വി.ഡി. സതീശൻ.
രാഹുൽ ഗാന്ധിയുൾപ്പടെയുള്ള നേതാക്കളെ ബാരിക്കേഡുകൾ നിരത്തി തടഞ്ഞപ്പോൾ കേരള ഹൗസിൽനിന്ന് വി.ഡി. സതീശൻ കാൽനടയായി പ്രതിഷേധസ്ഥലത്തെത്തി.
രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് ബാരകാംബ പൊലിസ് സ്റ്റേഷനിലേക്കു കൊണ്ടുപോയപ്പോൾ മുഖ്യമന്ത്രി ഇവിടേക്കുമെത്തി.
നേതാക്കളെയാരെയും കടത്തിവിടില്ലെന്നായിരുന്നു പൊലിസിന്റെ ആദ്യനിലപാടെങ്കിലും ഏറെനേരം പൊലിസിനോടു തർക്കിച്ച് വി.ഡി. സതീശൻ സ്റ്റേഷനകത്തേക്കു കയറി രാഹുലിനെ കാണാനുള്ള അനുമതി നേടി.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാൻ വീണ്ടും മിന്നൽ തന്ത്രങ്ങളൊരുക്കി പ്രതിപക്ഷ ഇന്ത്യാസഖ്യം.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആകാശവാണി ആസ്ഥാനത്തെ അപ്രതീക്ഷിത നീക്കങ്ങളാണു ചൊവ്വാഴ്ച പ്രതിഷേധം ആളിക്കത്തിച്ചതെങ്കിൽ ഡൽഹി ജൻപഥിലുള്ള "സാഗർ രത്ന' എന്ന ദക്ഷിണേന്ത്യൻ റസ്റ്ററന്റിൽ ഒത്തുകൂടി തന്ത്രങ്ങളൊരുക്കിയാണ് ഇന്നലെ ഇന്ത്യാ സഖ്യം എംപിമാർ ജന്തർ മന്തറിലേക്കുള്ള പ്രതിഷേധം ആരംഭിച്ചത്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം എംപിമാർ ചൊവ്വാഴ്ച പാർലമെന്റ് സമുച്ചയത്തിൽനിന്നു മാർച്ച് നടത്തിയിരുന്നെങ്കിലും എംപിമാരോട് ഡൽഹിയിൽ തുടരാൻ ആവശ്യപ്പെട്ടതിൽനിന്നുതന്നെ പ്രതിഷേധം വരുംദിവസങ്ങളിലും തുടരുമെന്നുള്ള സൂചന ലഭിച്ചിരുന്നു.
സഖ്യത്തിലെ എംപിമാർക്കായി ഇന്നലെ തലസ്ഥാനത്തിന്റെ നടുവിലായിത്തന്നെയുള്ള ജൻപഥ് കൊണാട്ട് സർക്കിളിലെ "സാഗർ രത്ന' റസ്റ്ററന്റിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചതിൽനിന്നുതന്നെ ഒരു സാധാരണ വിരുന്നിനു പകരം രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള സത്കാരമാണിതെന്ന് പൊലിസ് മനസിലാക്കിയിരുന്നു.
തുടർന്ന് റസ്റ്ററന്റിനു മുന്നിൽ കനത്ത സുരക്ഷാസന്നാഹം ഒരുക്കിയെങ്കിലും പ്രതിപക്ഷത്തിന്റെ "ഉള്ളിലിരുപ്പ് ' എന്താണെന്നു മനസിലാക്കാൻ പൊലിസിനായില്ല.
റസ്റ്ററന്റിനു മുന്നിലേക്ക് പെട്ടെന്ന് മൂന്ന് ടൂറിസ്റ്റ് ബസുകൾ കൂടി എത്തിയതോടെ പ്രതിഷേധം വീണ്ടും തെരുവിലേക്കു നീങ്ങുകയാണെന്ന് വ്യക്തമായി. എന്നാൽ എംപിമാരുമായി ബസ് എങ്ങോട്ടാണു പോകുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ലാതിരുന്നത് പൊലിസിനെ ആശയക്കുഴപ്പത്തിലാക്കി.
ഒടുവിൽ ബസുകൾ ജന്തർ മന്തർ ലക്ഷ്യമാക്കിയാണു നീങ്ങുന്നതെന്ന് മനസിലായതോടെ, പൊലിസ് പ്രധാന പാതയിൽ വഴി തടസപ്പെടുത്തുകയും ജന്തർ മന്തറിന് ഒരു കിലോമീറ്റർ മുന്‍പ് ബാരിക്കേഡുകൾ ഉയർത്തി എംപിമാരെ തടയുകയുമായിരുന്നു.
രാഹുലിനും പ്രിയങ്കയ്ക്കും എതിരേ എഫ്ഐആർ
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞദിവസം ആകാശവാണി ഭവൻ ആസ്ഥാനത്തു നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി എംപിക്കുമെതിരേ ഡൽഹി പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ആകാശവാണി ഭവൻ സമുച്ചയത്തിൽ അതിക്രമിച്ചു കയറിയെന്ന ആരോപണത്തിലാണു കേസ്. രാഹുലും പ്രിയങ്കയും എംപിമാരും ആകാശവാണി ഭവൻ സമുച്ചയത്തിൽ അതിക്രമിച്ചുകയറിയെന്ന പരാതിയിൽ പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിൽ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പൊലിസ് വൃത്തങ്ങൾ അറിയിച്ചു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതി സമയം നീട്ടി നല്കി. ഈ മാസം 25 വരെയാണു സമയം അനുവദിച്ചത്.
കുറ്റപത്രം സമര്‍പ്പിക്കുന്നതിനുമുമ്പ് സര്‍ക്കാരിന്റെ പ്രോസിക്യുഷന് അനുമതി വേണ്ടതുണ്ടെന്നും നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നതും എസ്ഐടി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണു ജസ്റ്റീസുമാരായ വി. രാജവിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് സമയം നീട്ടി അനുവദിച്ചത്.
ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ നവംബര്‍ 25 ഓടെ കുറ്റപത്രം അന്തിമമാക്കാനാകുമെന്ന് എസ്ഐടി അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി വീണ്ടും ഈ മാസം 26ന് പരിഗണിക്കാന്‍ മാറ്റി.
Kerala
കൊച്ചി: സംസ്ഥാനത്തു വാതിലുകൾ തുറന്നിട്ട് സർവീസ് നടത്തിയതിന് 2,021 സ്വകാര്യ ബസുകൾക്കെതിരേ കേസെടുത്തു. സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ പൊലിസ് സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച സ്പെഷ്യല്‍ ഡ്രൈവിലാണ് ഇത്രയധികം ബസുകൾ പിടിയിലായത്.
ഡ്രൈവിന്റെ ഭാഗമായി 31,408 ബസുകള്‍ പരിശോധിച്ചു. നിയമലംഘനം നടത്തിയ 2021 ബസുകള്‍ക്കായി 5,57,000 രൂപയാണു പിഴയീടാക്കിയത്. ഡ്രൈവിന്റെ ഭാഗമായി 2014 ബോധവത്കരണ പരിപാടികള്‍ നടത്തിയതില്‍ 10,784 പേർ പങ്കെടുത്തു.
തുറന്നുവച്ച വാതിലിലൂടെ യാത്രക്കാര്‍ തെറിച്ചുവീണുണ്ടായ അപകടങ്ങളില്‍ മരണങ്ങളും ഗുരുതര പരിക്കുകളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണു പൊലിസ് പരിശോധന നടത്തിയത്.
തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ തുറന്നുവച്ച വാതിലിലൂടെ തെറിച്ചുവീണുണ്ടായ അപകടങ്ങളില്‍ യാത്രക്കാര്‍ മരിക്കുകയും തൃശൂര്‍ ജില്ലയില്‍ യാത്രക്കാരനു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ബസുകള്‍ ഓടുമ്പോള്‍ വാതിലുകള്‍ നിര്‍ബന്ധമായും അടച്ചിടുന്നുണ്ടെന്നും അവ സുരക്ഷിതമാണെന്നും ഉറപ്പുവരുത്താനാണ് ഡ്രൈവ് സംഘടിപ്പിച്ചത്.
ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഇന്‍സ്പെക്്ടര്‍ ജനറലിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ പൊലിസ് മേധാവിമാര്‍, ട്രാഫിക് സോണല്‍ എസ്പിമാര്, എന്‍ഫോഴ്സ്മെന്റ് വിഭാഗം എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു ഡ്രൈവ് നടത്തിയത്. ഹൈവേ പട്രോള്‍ യൂണിറ്റുകളും എന്‍ഫോഴ്സ്മെന്റ് വിഭാഗവും തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധനകള്‍ തുടരും.
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ റോഡ് സുരക്ഷാസംരംഭമായ ശുഭയാത്ര വാട്സാപ് നമ്പര്‍ (9747001099) മുഖേന നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ എന്നിവയോടൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പടെ പൊതുജനങ്ങള്‍ക്ക് അറിയിക്കാം.
National
പട്ടാമ്പി: പന്നികളെ തുരത്താൻ പാടത്ത് അനധികൃതമായി സ്ഥാപിച്ച വൈദ്യുത കമ്പിവേലിയിൽനിന്ന് ഷോക്കേറ്റയാള്‍ മരിച്ചു.
മുതുതല മൂന്നാം വാർഡ് കോഴിക്കോട്ടിരിയിൽ എസ്പി നഗറിന് സമീപത്തെ പാടത്താണ് സംഭവം. ചോലയിൽ വീട്ടിൽ കറുപ്പൻ (67) ആണു മരിച്ചത്.
വരമ്പുകളും കൃഷിയും നശിപ്പിക്കാനെത്തുന്ന പന്നികളെ തുരത്തുന്നതിനു പാടത്തിനു കുറുകെ അനധികൃതമായി സ്ഥാപിച്ച കമ്പിവേലിയിൽനിന്നു ഷോക്കേറ്റെന്നാണു പ്രാഥമിക നിഗമനം. ഈ ഭാഗത്ത് പാടത്തുനിന്ന് മീൻ പിടിക്കുന്നതിന് കറുപ്പൻ കുരുത്തി സ്ഥാപിച്ചിരുന്നു.
പുലർച്ചെ ഇത് എടുക്കാനെത്തിയപ്പോഴാണ് കമ്പിയിൽനിന്നു ഷോക്കേറ്റതെന്നു കരുതുന്നു. സംഭവസ്ഥലത്ത് മീനുകൾ ചത്തുപൊങ്ങിയ നിലയിലും കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് പാടത്തിന്റെ ഉടമയെ കേന്ദ്രീകരിച്ച് പട്ടാമ്പി പൊലിസ് അന്വേഷണം ആരംഭിച്ചു.
Kerala
കൊല്ലം: ഇ.എൻ. സുരേഷ് ബാബുവിനെ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയ നടപടിയിൽ പ്രതികരിക്കാൻ ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം. സിപിഎമ്മിന്റെ വിഷയങ്ങളിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് അവർ വ്യക്തമാക്കി.
എന്നാൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ എപ്പോഴും ശക്തമായ നിലപാടാണ് ഡിവൈഎഫ്ഐ സ്വീകരിച്ചിട്ടുള്ളതെന്നും ഇരയാക്കപ്പെട്ട സ്ത്രീകൾക്കൊപ്പം സംഘടന ഉറച്ചുനിൽക്കുമെന്നും ചിന്ത പറഞ്ഞു.
കേരളത്തിലെ യുഡിഎഫ് സർക്കാരിനെതിരെയും അവർ വിമർശനം ഉന്നയിച്ചു. സർക്കാരിന് ആർഎസ്എസിനോട് വലിയ പ്രീണനമാണുള്ളതെന്നും ബിജെപിയിലെ പ്രധാന പ്രവർത്തകർക്ക് ആരോഗ്യവകുപ്പിൽ ശ്രദ്ധേയമായ തസ്തികകൾ നൽകുകയാണെന്നും ചിന്ത ജെറോം ആരോപിച്ചു.
മന്ത്രി അറിയാതെയാണോ ആരോഗ്യവകുപ്പിലെ കാര്യങ്ങൾ നടക്കുന്നതെന്നും, സ്വന്തം പെങ്ങളുടെ രാഷ്ട്രീയത്തിന്റെ അതേ പാതയിലൂടെ സഹോദരനും സഞ്ചരിച്ചു തുടങ്ങിയോ എന്നും ചിന്ത ചോദിച്ചു.
Kerala
പെരിയ (കാസര്‍ഗോഡ്): കേരള കേന്ദ്രസര്‍വകലാശാലയില്‍ നടന്ന വന്ദേമാതരം സെമിനാറില്‍ ആര്‍എസ്എസ് നേതാവ് ജെ. നന്ദകുമാറിനെ പങ്കെടുപ്പിച്ചതിനെതിരേ നടന്ന വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ ദേശീയഗീതമായ വന്ദേമാതരത്തിനെതിരായ സമരമായി വ്യാഖ്യാനിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍.
ദേശീയ ഗീതത്തിനെതിരേ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് തുടര്‍ന്നു നടന്ന ദേശീയ സെമിനാറിന്റെ സെഷന് വിദ്യാര്‍ഥികള്‍ തടസപ്പെടുത്തി.
വന്ദേമാതരം ഗാനത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലയിലെ പ്രതിഷേധം ഒറ്റപ്പെട്ട സംഭവമല്ലെന്നും ദേശീയഗീതത്തെ എതിര്‍ക്കാനുള്ള വിശാലമായ നീക്കത്തിന്റെ ഭാഗമാണതെന്നും അദ്ദേഹം സൂചിപ്പിച്ചു.
“ചില വിദ്യാര്‍ഥികള്‍ വന്ദേമാതരത്തിനെതിരേ മുദ്രാവാക്യം വിളിക്കുന്നു. ഡല്‍ഹി മുതല്‍ നമ്മുടെ തെരുവുകള്‍ വരെ ഇത്തരം ആളുകള്‍ രംഗത്തുവരുമ്പോള്‍ അവര്‍ക്കു പിന്നില്‍ ആരാണെന്നും ഏതു ശക്തിയാണെന്നും നാം കണ്ടെത്തേണ്ടതുണ്ട്. അതിനെതിരേ നാം എല്ലാവരും പ്രവര്‍ത്തിക്കണം’’- അദ്ദേഹം പറഞ്ഞു.
Kerala
സുൽത്താൻ ബത്തേരി: സംസ്ഥാനത്തെ ഹയർസെക്കൻഡറികളിൽ അനധ്യാപക നിയമനം നടത്തണമെന്ന കേരള വിദ്യാഭ്യാസ ചട്ടവും കോടതി ഉത്തരവുകളും നടപ്പാക്കാത്തതിനെ തുടർന്ന് കേരള എയ്ഡഡ് സ്കൂൾ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ (കെഎഎസ്എൻടിഎസ്എ) ഹൈക്കോടതിയിൽ നൽകിയ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകാം എന്ന് സുപ്രീംകോടതി.
2007 മുതൽ അസോസിയേഷൻ നടത്തിവരുന്ന നിയമപോരാട്ടത്തെ തുടർന്ന് രണ്ട് തവണ ഹയർ സെക്കൻഡറികളിൽ ക്ലാർക്ക്, ലൈബ്രേറിയൻ, മീനിയൽ തസ്തികകളിൽ നിയമനം നടത്തുന്നതിന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാൽ, വിദ്യാഭ്യാസ വകുപ്പ് കോടതി ഉത്തരവ് പാലിക്കാൻ സാന്പത്തിക പ്രതിസന്ധിയുടെ പേരിൽ തയാറായിരുന്നില്ല.
2021ലാണ് കോടതിയലക്ഷ്യ നടപടികളുമായി അനധ്യാപക സംഘടനയായ കേരള എയ്ഡഡ് സ്കൂൾ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ സമയം നീട്ടിച്ചോദിക്കുകയും തുടർച്ചയായി ഹൈക്കോടതി കേസ് നീട്ടിവയ്ക്കുകയും ചെയ്തതോടെ ഹർജിക്കാർ 2025ൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കേസ് തീർപ്പാക്കാൻ രണ്ടുമാസം സുപ്രീംകോടതി സമയം അനുവദിച്ചിരുന്നെങ്കിലും ഹർജിയിൽ തീരുമാനമായിരുന്നില്ല.
Kerala
തിരുവനന്തപുരം: കേരള സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ പ്രചരണത്തിന് -സ്നേഹജ്വാല- എന്ന പേരിൽ തൂഫാൻ ഗീതം തയാറായി . ഇതിന്റെ പോസ്റ്റർ പ്രകാശനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എഡിജിപി പി. വിജയന് നൽകി നിർവഹിച്ചു.
കെ.ജെ. യേശുദാസിന്റെ നേതൃത്വത്തിൽ കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ തുടങ്ങി മലയാള സിനിമയിലെ പത്തു പ്രമുഖ ഗായകർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോ ആൽബമായാണ് ഇത് റിലീസ് ചെയ്യുന്നത്.
DCL (Deepika Children’s League)
കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കൂട്ടുകാരേ.
"ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോൾ
ഭൂവിനാവെളിച്ചത്താൽ വെണ്മ ഞാനുളവാക്കി
"നക്ഷത്ര ഗീതങ്ങൾ' എന്ന കവിതയിലെ മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പ്രശസ്തമായ ഈ ഈരടി പാടാത്ത മലയാളിയില്ല. സ്വന്തം ജീവിതം ദുരിതങ്ങളുടെ തീച്ചുളയിൽകിടന്ന് പൊള്ളുന്പോഴും ആ വെളിച്ചംകൊണ്ട്, ഭൂവിന് വെണ്മ പകരുന്നതിന്റെ ആത്മനിറവു മഹാകവി ജി മലയാളിക്കു പകരുന്പോൾ, ജീവിതംതന്നെ ഒരു മഹാകാവ്യമാക്കിയ മറ്റൊരു പ്രതിഭ പറയുകയാണ്,
"If you want to shine like a Sun, first, burn like a Sun''! ജീവിതം സൂര്യനെപ്പോലെ തിളങ്ങണോ, നീ സൂര്യനെപ്പോലെ തിളയ്ക്കണം! കത്തിയെരിയണം! എല്ലാ വിദ്യാർഥികളും സൂര്യനെപ്പോലെ തിളങ്ങാൻ വേണ്ടി, ജീവിതത്തിൽ സൂര്യനെപ്പോലെ എരിയണം എന്ന് ജീവിതംകൊണ്ട് പ്രചോദിപ്പിക്കുന്ന ആ ഗുരുസ്ഥാനീയൻ, മറ്റാരുമല്ല, ആധുനിക ഭാരതം, ലോകത്തിനു നൽകിയ വിശ്വവ്യക്തിത്വമായ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾകലാം തന്നെയാണ്! ഒക്ടോബർ 15, അദ്ദേഹത്തിന്റെ പിറന്നാൾ ദിനമാണ്. ആ ദിനം ലോക വിദ്യാർഥി ദിനമായി ലോകം ആചരിക്കുകയാണ്!
നമ്മെ ഉറങ്ങാൻ അനുവദിക്കാത്ത സ്വപ്നം കാണാൻ പഠിപ്പിച്ച, തമിഴ്നാട്ടിലെ രാമേശ്വരം എന്ന ചെറുഗ്രാമത്തിലെ ദരിദ്രമായ വീട്ടിൽനിന്നും ആരംഭിച്ച്, ഇന്ത്യയുടെ "മിസൈൽമാൻ' ആയി വളർന്ന എ.പി.ജെ പഠനവും അറിവുമാണ് ഒരു വ്യക്തിയെ മഹാനാക്കുന്നത് എന്ന് പഠിപ്പിച്ചു! പുസ്തകം കാണാതെ പഠിക്കുന്നതു മാത്രമല്ല, ""നിരന്തരം ചോദ്യങ്ങൾ ചോദിക്കുന്നതാണ് ഒരു മികച്ച വിദ്യാർഥിയുടെ ലക്ഷണം’’ എന്നാണ് അദ്ദേഹം പറഞ്ഞത്.
"വിജയകരമായി, പരാജയപ്പെടുക'' എന്ന തീപിടിപ്പിക്കുന്ന ചിന്തയുമായി, അദ്ദേഹം വിദ്യാർഥി മനസുകളെ ഉഴുതു മറിച്ചു! പരീക്ഷയിലോ, മത്സരങ്ങളിലോ തോറ്റുപോകുന്നവരല്ല, തോൽവിയെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കാത്തവരാണ് യഥാർഥത്തിൽ തോറ്റുപോകുന്നതെന്ന് എ.പി.ജെ.പറഞ്ഞു.
"FAIL' എന്നാൽ തോൽവി എന്നല്ല, ‘First Attempt In Learning' - പഠനത്തിന്റെ ആദ്യ പരിശ്രമം’ - എന്നാണെന്നു വ്യാഖ്യാനിച്ച് വിജയിക്കാത്തവരെ അദ്ദേഹം വിസ്മയിപ്പിച്ചു! അതുപോലെ, ഒരു പരിശ്രമവും അവസാനമല്ല, "END' എന്ന വാക്കിന് ‘Effort Never Dies - പരിശ്രമം ഒരിക്കലും മരിക്കുന്നില്ല’ എന്നും, 'NO' എന്ന വാക്കിന്, ‘Next Opportunity - അടുത്ത അവസരം’ എന്നുമുള്ള നൂതന ചിന്തകൾകൊണ്ട്, വിദ്യാർഥി ചേതനകളെ അദ്ദേഹം ത്രസിപ്പിച്ചുണർത്തി!
സ്വയം വിശ്വസിക്കാനുള്ള കഴിവാണ് ജീവിത വിജയത്തിന്റെ രഹസ്യം എന്നാണ് എ.പി.ജെ. വിശ്വസിച്ചത്. ആത്മവിശ്വാസവും ദൈവവിശ്വാസവും ഉള്ളവർ ജീവിതവിജയം നേടും എന്നതിന്റെ തെളിവ് അദ്ദേഹംതന്നെയാണ്!
കൂട്ടുകാരേ, നിരന്തരം താരതമ്യപ്പെടുത്തി നിങ്ങൾ മറ്റൊരാളാകാൻ പരിശ്രമിക്കരുത്. പകരം, ഈ അഞ്ചു കാര്യങ്ങൾ എന്നും സ്വയം പലതവണ ആവർത്തിക്കുക. 1. ഞാൻ, മികച്ച വ്യക്തിയാണ്. (I am the best). 2. എനിക്ക് ഇതു സാധിക്കും (I can do it). 3. ദൈവം എപ്പോഴും എന്നോടൊപ്പമുണ്ട്. (God is always with me). 4. ഞാൻ ഒരു വിജയിയാണ്. (I am a winner). 5. ഇന്ന് എന്റെ ദിവസമാണ് (To day is my day).
അതെ, കൂട്ടുകാരേ,. ഏതു കുറവുകളേയും അതിജീവിക്കാൻ നിങ്ങൾക്കു സാധിക്കും. ആത്മവിശ്വാസത്തിന്റെ ഈ പഞ്ചമൂല്യങ്ങൾ നിങ്ങൾ എന്നും പരിശീലിച്ചാൽ, ""നിങ്ങൾ സ്വപ്നം കാണുന്നതിനെ നിങ്ങളിലേക്കാകർഷിക്കാനുള്ള ശേഷി നിങ്ങളുടെ ഉള്ളിലുണ്ട്'' എന്ന് ""ജ്വലിക്കുന്ന മനസുകൾ'' എന്ന പുസ്തകത്തിൽ അദ്ദേഹം പറഞ്ഞു. നമുക്കും ജ്വലിക്കുന്ന മനസോടെ, "അഗ്നിച്ചിറകുകൾ' വിടർത്തി സൂര്യനെപ്പോലെ തിളങ്ങാം...
ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
ഡിസിഎൽ എരുമേലി മേഖല ടാലന്റ് ഫെസ്റ്റ് ഫെസ്റ്റ് ഒക്ടോബർ 24നുഎരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലും കട്ടപ്പന മേഖല ടാലന്റ് ഫെസ്റ്റ് 31-ന് മേരികുളം മരിയൻ പബ്ലിക് സ്കൂളിലും നടക്കും.
എൽപി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരി വിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരി വിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും.
രചനാമത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഗ്രൂപ്പ് മ്ത്സരങ്ങളിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.
ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു. പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം.
പ്രസംഗവിഷയങ്ങൾ:
ഹൈസ്കൂൾ വിഭാഗം 1. യുദ്ധങ്ങളും അശാന്തിയും നിറഞ്ഞ ലോകത്ത് സാഹോര്യത്തിന്റെയും സമാധാനത്തിന്റെയും പ്രസക്തി. 2)ആധുനിക ജീവിതവും ആധുനിക മനുഷ്യന്റെ ആരോഗ്യവും.
യു.പി വിഭാഗം 1) ഡിജിറ്റൽ യുഗത്തിലെ അച്ചടക്കവും കൃത്യനിഷ്ഠയും - ഇന്നത്തെ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ. 2.സാഹോദര്യത്തിന്റെ
കേരള മാതൃക- ദുരന്തങ്ങളിൽ കൈകോർത്ത നമ്മൾ എൽപി വിഭാഗം 1) ലോകകപ്പ് ഫുട്ബോൾ- മൈതാനങ്ങൾ പഠിപ്പിക്കുന്ന 'നാം ഒരു കുടുംബം' എന്ന പാഠം.
എൽപി വിഭാഗത്തിന് മേഖല, പ്രവിശ്യാ തലങ്ങളിൽ ഒരു വിഷയം മാത്രമാ യിരിക്കും ഉണ്ടായിരിക്കുക. സംസ്ഥാനതലമത്സരത്തിൽ രണ്ടു വിഷയങ്ങൾ ഉണ്ടാവും.
യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിൽ മേഖല, പ്രവിശ്യ, സംസ്ഥാനതലത്തിലും, എൽപി വിഭാഗത്തിൽ സംസ്ഥാനതലത്തിലും നല്‍കിയിട്ടുള്ള രണ്ടു വിഷയങ്ങളിൽ മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന ഒരു വിഷയമാണ് പ്രസംഗിക്കേണ്ടത്.
മത്സരത്തിന് ഒരു ശാഖയിൽനിന്നും വ്യക്തിഗത ഇനത്തിൽ ഒരു കുട്ടിയേയും ഗ്രൂപ്പ് ഇനത്തിൽ ഒരു ടീമിനെയും പങ്കെടുപ്പി ക്കാം.എരുമേലി മേഖലാ മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ്
9447200569 എന്ന വാട്സ്ആപ്പ് നമ്പറിൽ ഒക്ടോബർ 18-നു മുമ്പ് നല്‍കേണ്ടതാണ്. വിശദാംശങ്ങൾ പിന്നാലെ അറിയിക്കുന്നതായിരിക്കും. കട്ടപ്പന മേഖല മത്സരങ്ങളിൽ പങ്കെടുക്കു ന്ന വരുടെ ലിസ്റ്റ് ഒക്ടോബര്‍ 25-നു മുന്‍പായി 94006 71874 എന്ന വാട്സ്ആപ്പ് നന്പരിലും നല്‍കേണ്ടതാണ്.
National
ലക്നോ: ഇടിമിന്നലേറ്റതിനെത്തുടർന്ന് പാറ്റ്നയിൽ നിന്ന് ലക്നോവിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനം ലക്നോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ബുധനാഴ്ച രാത്രി 17,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് വിമാനത്തിന് മിന്നലേറ്റത്.
മിന്നലേറ്റ് വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് നിശ്ചയിച്ച സമയത്തിന് എട്ടുമിനിറ്റ് മുൻപേ വിമാനം സുരക്ഷിതമായി താഴെയിറക്കുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 104 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക പരിശോധനകളും ഡിജിസിഎയുടെ അനുമതിയും ലഭിച്ചതിന് ശേഷം മാത്രമേ ഈ വിമാനം വീണ്ടും സർവീസുകൾക്കായി ഉപയോഗിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.
DCL (Deepika Children’s League)
മണിമല: ദീപിക ബാലസഖ്യം മണിമല നെടുങ്കുന്നം മേഖല ഡിസിഎൽ ടാലന്റ് ഫെസ്റ്റ് മണിമല സെന്റ് ജോർജ് ഹൈസ്കൂളിൽ നടന്നു.
മത്സരങ്ങളിൽ നെടുങ്കുന്നം സെന്റ് തെരേസാസ് ഗേൾസ് സ്കൂൾ ഹൈസ്കൂൾ ഓവറോൾനേടി. എൽ,പി.,യു.പി വിഭാഗങ്ങളിൽ നെടുമണ്ണി സിസ്റ്റർ അൽഫോൻ സാ സ്കൂളും ഓവറോൾനേടി.
രാവിലെ സ്കൂൾ മാനേജർ ഫാ. ഏബ്രഹാം തയ്യിൽനെടുംപറമ്പിൽ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചേട്ടൻ ഫാ. റോയി കണ്ണൻഞ്ചിറ സിഎംഐ, ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചു കുന്നേൽ, ജിജി കെ. ജോസ് കുഴിപതാലിൽ, മേഖല ഓർഗനൈസർ ജോസഫ് ആന്റണി എന്നിവർ പ്രസംഗിച്ചു,
മേഖല മത്സരങ്ങൾക്ക് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ സ്കൂളുകൾക്ക്ബിജു ജേക്കബ് വെച്ചു പടിഞ്ഞാറേതിൽ, വി.റ്റി ചാക്കോ വെച്ചു പടിഞ്ഞാറേതിൽ, ഏലിക്കുട്ടി ചാക്കോ വെച്ചു പടിഞ്ഞാറേതിൽ, കെ വി ജോസഫ് കുഴി പതാലിൽ എന്നിവരുടെ പേരിലുള്ള എവർറോളിംഗ് ട്രോഫികൾ നൽകുന്നതാണ്.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ 100 ദിന കർമപദ്ധതി നാളെ പൂർത്തിയാകാനിരിക്കേ സംസ്ഥാനത്തെ 50 വകുപ്പുകളിലായി പ്രഖ്യാപിച്ച 598 പദ്ധതികളിൽ 539 എണ്ണം പൂർത്തിയാക്കാനായതായി പ്രോഗ്രസ് റിപ്പോർട്ട്. 39 പദ്ധതികൾ ഇനിയും പൂർത്തിയാക്കാനുണ്ട്. 90.13 ശതമാനം വിജയം. ഇന്നും നാളെയും കൂടി കാലാവധിയുള്ള സാഹചര്യത്തിൽ വിവിധ വകുപ്പുകൾ പദ്ധതികൾ പൂർത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
ധനകാര്യം, ആരോഗ്യം, സാമൂഹിക നീതി, നോർക്ക, പുരാവസ്തു- പുരാരേഖ വകുപ്പുകളാണ് 90 ശതമാനത്തിനു താഴെ മാർക്ക് നേടിയ വകുപ്പുകൾ. പ്രഖ്യാപിച്ച മൂന്നു പദ്ധതികളിൽ രണ്ടെണ്ണം മാത്രം നടപ്പാക്കിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കീഴിലുള്ള ധനവകുപ്പാണ് പിന്നിൽ. 67 ശതമാനം. റബറിന്റെ താങ്ങുവില 200 രൂപയിൽ നിന്ന് 250 ആക്കി ഉയർത്തൽ, വയോജനക്ഷേമ വകുപ്പ് രൂപീകരിക്കൽ, മിഷൻ സമുദ്ര പദ്ധതി അടക്കമുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ 100 ദിന കർമപദ്ധതി പ്രകാരം സർക്കാരിനു നടപ്പാക്കാനായെന്ന നേട്ടവുമുണ്ട്.
എല്ലാ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളെയും ഏകോപിപ്പിച്ചുകൊണ്ട് ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തിന്റെ വിദഗ്ധ സമിതി രൂപീകരണം അടക്കം പൂർത്തിയായി. അരലക്ഷം റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്കു മാറ്റുമെന്ന പ്രഖ്യാപനത്തിൽ ഇതിൽ കൂടുതൽ എണ്ണം മുൻഗണന വിഭാഗത്തിലേക്കു മാറ്റാനായി. ജൂലൈ ഒന്നിനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ യുഡിഎഫ് സർക്കാരിന്റെ ആദ്യ 100 ദിന കർമപദ്ധതി പ്രഖ്യാപിച്ചത്.
ഒക്്ടോബർ ഒൻപതിന് അവസാനിക്കുമെന്നായിരുന്നു പ്രഖ്യാപനം. 1748 പദ്ധതിഘടകങ്ങൾ പ്രഖ്യാപിച്ചവയിലുണ്ടായിരുന്നു. ഇതിൽ 1646 എണ്ണം പൂർത്തിയാക്കാനായി. 102 എണ്ണം പുരോഗതിയിലാണ്.
ഐഎഎസുകാരുടെ അലംഭാവവും പദ്ധതിയെ ഇഴച്ചു
പദ്ധതി പ്രഖ്യാപനത്തിന്റെ ആദ്യ 50 ദിവസം പിന്നിട്ടപ്പോൾ പദ്ധതികളുടെ പ്രവർത്തന പുരോഗതി മെല്ലെപ്പോക്കിലായിരുന്നു. പദ്ധതികൾക്കു വേഗം പോരാത്ത സാഹചര്യത്തിൽ മന്ത്രിമാർ, ഐഎഎസ് ഉദ്യോഗസ്ഥരായ സെക്രട്ടറിമാരുമായി ഇടയുന്ന സാഹചര്യവുമുണ്ടായി.
ഐഎഎസുകാർ ചട്ടങ്ങൾക്ക് അനുസൃതമായിട്ടായിരുന്നു ഫയലുകളിൽ തീരുമാനമെടുത്തിരുന്നത്. ഇതാണ് മന്ത്രിമാരുമായുള്ള തർക്കത്തിന് കാരണം. തുടർന്നാണ് 100 ദിന കർമപദ്ധതി വേഗം കൂട്ടി ടോപ്പ് ഗിയറിലാക്കിയത്.
കൃഷി അനുബന്ധം, പൊതുസേവനം, സാമൂഹിക സേവനം, തദ്ദേശ സ്വയംഭരണം, ഊർജം, ശാസ്ത്ര സാങ്കേതിക ഗവേഷണം, സാന്പത്തികം, വ്യവസായം, സഹകരണം, ജലവിഭവം, ജലസേചനം, ഗതാഗതം എന്നിങ്ങനെ 11 മേഖലകളായി തിരിച്ചായിരുന്നു കർമപദ്ധതി ആവിഷ്കരിച്ചത്.
100 ശതമാനം പദ്ധതികൾ പൂർത്തിയാക്കിയ വകുപ്പുകൾ
കൃഷി, മൃഗസംരക്ഷണം, പിന്നാക്ക വിഭാഗ വികസനം, സഹകരണം, സാംസ്കാരികം, ക്ഷീര വികസനം, ദേവസ്വം, ദുരന്ത നിവാരണം, മത്സ്യബന്ധനം, ഭക്ഷ്യ സിവിൽ സപ്ലൈസ് ആൻഡ് ലീഗൽ മെട്രോളജി, വനം- വന്യജീവി, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ഭവനനിർമാണം, കയർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, വയോജനക്ഷേമം, തൊഴിലും നൈപുണ്യവും, നിയമം, പാർലമെന്ററി കാര്യം, ആസൂത്രണം, തുറമുഖം, ഊർജം, ഉൾനാടൻ ജലഗതാഗതം,ശാസ്ത്ര സാങ്കേതികം, നികുതി, എക്സൈസ്, രജിസ്ട്രേഷൻ, വിനോദ സഞ്ചാരം, വിജിലൻസ്, വനിതാ ശിശുവികസനം.
പൂർത്തിയാക്കാനാകാത്ത പ്രധാന പ്രഖ്യാപനങ്ങൾ
അയ്യന്‍കാളി തൊഴിലുറപ്പു പദ്ധതിയിൽ 100 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കാൻ മാനദണ്ഡങ്ങളിൽ ഭേദഗതി, പ്ലാസ്റ്റിക് റീസൈക്ലിംഗ് നയം, സാനിറ്ററി പാഡുകളുടെയും ഡയപ്പറുകളുടെയും സംസ്കരണ സംവിധാനം ഒരുക്കൽ, പൊതുജനാരോഗ്യ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി ഹെൽത്ത് സ്ക്വാഡുകൾ രൂപീകരിക്കൽ, ആദിവാസി മേഖലയിലെ ആരോഗ്യ പരിപാലനത്തിനുള്ള പദ്ധതി, സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികൾക്ക് കിടക്ക അവകാശമാക്കി മാറ്റുന്ന പദ്ധതി, തീരമേഖലയിലെ ആരോഗ്യ പ്രശ്നം പഠിക്കാൻ സമിതി രൂപീകരിക്കൽ, തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 10 കിടക്കകളുള്ള ഐസൊലേഷൻ വാർഡ് തുറക്കൽ, നിക്ഷേപങ്ങൾ ആകർഷിക്കാൻ ഉപദേശക സമിതികളുടെ രൂപീകരണം, വേന്പനാട് കായലിലെ പഴുക്കാനില ശുചീകരണം തിരുവനന്തപുരം വനിത ഓപ്പണ്‍ ജയിൽസെല്ലുകളുടെ നവീകരണം, ഉയരമേറിയ കെട്ടിടങ്ങളിലെ രക്ഷാപ്രവർത്തനത്തിന് ഏരിയൽ ലാഡർ പ്ലാറ്റ് ഫോം വാങ്ങൽ, പൊലിസ് സേനയിലെ വനിതാ പ്രാതിനിധ്യം ഉയർത്തൽ, ജയിൽ വീഡിയോ കോണ്‍ഫറൻസ് സംവിധാന നവീകരണം.
National
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണറുടെയും മറ്റു കമ്മിഷണർമാരുടെയും നിയമനം സംബന്ധിച്ച 2023ലെ നിയമം ചോദ്യം ചെയ്തുള്ള ഹർജികളിലെ ഭിന്നവിധി റദ്ദാക്കണമെന്ന ഹർജി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്.
മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനാണു ചീഫ് ജസ്റ്റീസ് മുമ്പാകെ ഈ ഹർജിയെക്കുറിച്ച് പരാമർശിച്ചത്.
ജസ്റ്റീസുമാരായ ദീപങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമയും അടങ്ങുന്ന ബെഞ്ച് കഴിഞ്ഞ 23നാണ് ഹർജിയിൽ ഭിന്നവിധി പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച് മറ്റൊരു തിരുത്തൽ ഹർജിയും കോടതിയിലുള്ള കാര്യം അഭിഭാഷകൻ ചീഫ് ജസ്റ്റീസിന്റെ ശ്രദ്ധയിൽപ്പെടുത്തി.
Kerala
കാലടി: ബാങ്ക് വായ്പ കുടിശികയായതോടെ യുവകർഷകൻ ജീവനൊടുക്കി. കാഞ്ഞൂർ പഞ്ചായത്തിലെ കോഴിക്കാടൻപടി ഐപ്പാടൻ പാപ്പച്ചന്റെ മകൻ ലിജോ (49) യാണു മരിച്ചത്.
ശ്രീമൂലനഗരം- കാഞ്ഞൂർ ഗ്രാമപഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് വർഷങ്ങളായി കപ്പയും പയറും വാഴയും ഉൾപ്പടെയുള്ള കൃഷികൾ നടത്തിവരികയായിരുന്നു.
ഭാര്യ: ഷിമി. മക്കൾ: സാനിയ, സാന്ദ്ര, സാവിയോ (വിദ്യാർഥികൾ).
National
ന്യൂഡൽഹി: ഇന്ത്യയെ 2047ഓടെ വികസിതരാജ്യമാക്കാൻ പുതിയ മുദ്രാവാക്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 21 വർഷത്തിനുശേഷം ഇന്ത്യ വികസിതമാകുമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ‘വീ വിൽ ഡു ഇറ്റ്’ എന്ന മുദ്രാവാക്യമാണ് പ്രധാനമന്ത്രി രാജ്യത്തിനുമുന്നിൽ നൽകിയിരിക്കുന്നത്.
പൊതുസേവനരംഗത്തു താൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച ‘വികസിത് ഭാരത് സങ്കൽപ് സഭ’യെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി. ദീർഘവീക്ഷണമുള്ള നയങ്ങളിലൂടെയും നിരന്തരമായ കഠിനാധ്വാനത്തിലൂടെയും വികസിതഭാരതമെന്ന ലക്ഷ്യം കൈവരിക്കാൻ രാജ്യത്തിനു സാധിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ആത്മനിർഭരതയിൽ (സ്വയംപര്യാപ്തത) ഊന്നി വികസിതരാജ്യമായി മാറുന്നതിനൊപ്പം, ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നതും സ്വന്തമായി ബഹിരാകാശത്തേക്ക് ഇന്ത്യക്കാരെ അയയ്ക്കുന്നതും അടക്കമുള്ള നേട്ടങ്ങൾ രാജ്യത്തിന്റെ ലക്ഷ്യങ്ങളാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഇസ്രയേലിലേക്കുള്ള വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ശ്രമം സമയോചിതമായി തടഞ്ഞ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ പ്രധാനമന്ത്രി പ്രസംഗത്തിൽ പ്രശംസിച്ചു.
“ഇന്ന് ലോകം ഒരു ഇന്ത്യൻ പൈലറ്റിന്റെ ധീരതയെക്കുറിച്ചാണു സംസാരിക്കുന്നത്. എന്നാൽ ഭാവിയിൽ ‘മേഡ് ഇൻ ഇന്ത്യ’വിമാനങ്ങളെക്കുറിച്ച് ലോകം സംസാരിക്കുന്ന ഒരു കാലം വരും.’’- മോദി കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: വിയർപ്പൊഴുക്കി വിളയിച്ചവയെല്ലാം തകർന്നടിഞ്ഞതിലെ സങ്കടത്തിനു പിന്നാലെ അവയുടെ ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കാതെയും കർഷകർ ദുരിതത്തിൽ. സംസ്ഥാനത്തെ പതിനായിരക്കണക്കിനു കർഷകർക്കാണ് വിള ഇൻഷ്വറൻസിന്റെയും പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിന്റെയും ആനുകൂല്യങ്ങൾ കിട്ടാനുള്ളത്.
ഇരു പദ്ധതികളിലുമായി 133 കോടിയിലധികം രൂപ കർഷകർക്കു വിതരണം ചെയ്യാനുണ്ട്. വിള ഇൻഷ്വറൻസിൽ 2025 മേയ് മുതലുള്ള അപേക്ഷകളിലെ ആനുകൂല്യങ്ങൾ കുടിശികയാണ്.
പ്രീമിയം തുകയടച്ച് സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിൽ ചേർന്ന 14,971 കർഷകർക്ക് അർഹതപ്പെട്ട ഇൻഷ്വറൻസ് തുക കിട്ടിയിട്ടില്ല. ഇവർക്കു കിട്ടേണ്ട 43.22 കോടി രൂപ കഴിഞ്ഞ മാസം വരെ കുടിശികയാണെന്ന് സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കാര്യാലയത്തിൽനിന്നുള്ള രേഖകൾ വ്യക്തമാക്കുന്നു. 2025 മേയ് നാലു മുതലുള്ള അപേക്ഷകളിലെ തുക ഇനിയും വിതരണം ചെയ്തിട്ടില്ല.
മലപ്പുറം ജില്ലയിലെ കർഷകർക്കാണ് വിള ഇൻഷ്വറൻസ് ആനുകൂല്യത്തിൽ കൂടുതൽ (12.72 കോടി) കുടിശികയുള്ളത്. കോഴിക്കോട് 6.45 കോടിയും വയനാട് 5.42 കോടിയും തിരുവനന്തപുരത്ത് 4.94 കോടി രൂപയും കുടിശികയുണ്ട്.
വിള ഇൻഷ്വറൻസിലും പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിലും നൽകാനുള്ള അർഹതപ്പെട്ട ആനുകൂല്യം വർഷങ്ങളായി വിതരണം ചെയ്യാത്തതു കർഷകരെയും സാധാരണക്കാരെയും പ്രതിസന്ധിയിലാക്കുമെന്ന് പൊതുപ്രവർത്തകനായ മുഹമ്മദ് അഷ്റഫ് ചൂണ്ടിക്കാട്ടി.
കൃഷിനാശമുണ്ടാകുന്ന കർഷകരുടെ അപേക്ഷകളിൽ കൃഷി ഓഫിസറുടെ സ്ഥലപരിശോധനയ്ക്കുശേഷം കൃഷിവകുപ്പ് ബാങ്ക് അക്കൗണ്ടിലേക്കാണ് ആനുകൂല്യം ലഭ്യമാക്കേണ്ടത്.
ദുരിതാശ്വാസം 2021 മുതൽ കിട്ടാക്കനി
സംസ്ഥാനത്തു പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിന് അർഹതയുള്ള 1,52,665 കർഷകർക്ക് 2021 ഒക്ടോബർ മുതൽ ആനുകൂല്യം കിട്ടാക്കനിയാണ്. 90.81 കോടി രൂപയാണ് ദുരിതാശ്വാസ വിതരണത്തിലെ കഴിഞ്ഞ മാസം വരെയുള്ള കുടിശിക.
ഉരുൾദുരന്തമുണ്ടായ വയനാട് ജില്ലക്കാർക്കാണു പ്രകൃതിക്ഷോഭ ദുരിതാശ്വാസ തുക കൂടുതൽ കിട്ടാനുള്ളത്. 19.27 കോടി രൂപയാണ് ജില്ലയിലെ കുടിശിക. മലപ്പുറം-11.62 കോടി, തിരുവനന്തപുരം-9.09 കോടി, എറണാകുളം-8.22 കോടി, കോഴിക്കോട്-8.14 കോടി എന്നിങ്ങനെ മറ്റു ജില്ലകളിലും കുടിശിക പെരുകി. ഇടുക്കിയിലെ 24,936 കർഷകർക്കായി 5.08 കോടി രൂപ ദുരിതാശ്വാസ തുകയായി കിട്ടാനുണ്ട്.
Kerala
കൊച്ചി: മുനമ്പം ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്കു കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മറുപടി നൽകണമെന്ന് ഹൈക്കോടതി.
കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവിനെതിരേ വഖഫ് ബോർഡ് നൽകിയ നാല് അപ്പീലുകളും തളളി ജസ്റ്റീസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വഖഫ് ട്രൈബ്യൂണൽ ഉത്തരവിൽ നിർദേശിച്ചപ്രകാരം ചോദ്യരൂപത്തിലുള്ള അന്വേഷണങ്ങൾക്ക് മറുപടി നൽകാൻ ഒരു മാസത്തെ സമയവും ബോർഡിന് കോടതി അനുവദിച്ചു.
2019 മേയ് 20ന് വഖഫ് ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തു ബന്ധപ്പെട്ട കക്ഷികൾ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ നൽകിയ ഹർജികളിലാണ് ബോർഡിനോടു ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവശ്യപ്പെട്ടത്.
വഖഫ് ബോർഡിന്റെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ട്രൈബ്യൂണലിലെ ഹർജി. ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിക്കുന്നതിനുമുമ്പ് നിയമത്തിൽ നിർദേശിച്ച നടപടിക്രമങ്ങൾ പാലിച്ചിരുന്നോ എന്നു വ്യക്തമാക്കുന്നതിനാണ് ചോദ്യങ്ങൾ ഉന്നയിച്ചത്.
1995ലെ വഖഫ് നിയമത്തിലെ സെക്ഷൻ 4, 5, 6 പ്രകാരമുള്ള നടപടികൾ പാലിച്ചിരുന്നോ, വഖഫ് സ്വത്തുക്കളുടെ സർവേയും പട്ടിക തയാറാക്കലും സംബന്ധിച്ച നടപടികൾ സ്വീകരിച്ചിരുന്നോ, വഖഫ് സ്വത്തുക്കളുടെ പട്ടിക ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണു പ്രധാനമായും വിശദീകരിക്കേണ്ടത്.
2019 മേയ് 20ലെ ഉത്തരവിനുമുമ്പ് നിയമത്തിലെ നിർബന്ധിത നടപടിക്രമങ്ങൾ പാലിച്ചതിന്റെ രേഖകൾ ലഭ്യമല്ലെന്നാണു ഹർജിക്കാരുടെ വാദം. ഈ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് വഖഫ് ബോർഡിനോടു മറുപടി തേടിയത്.
എന്നാൽ, ഇത്തരം ചോദ്യങ്ങൾക്കു മറുപടി നൽകാൻ നിർദേശിച്ച കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ നടപടി നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചത്.
International
ടൊറന്റോ: കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ കാൽഗറിയിൽ കാൽനടയാത്രക്കാരനായ തദ്ദേശീയനുമായുണ്ടായ തർക്കവും കൈയാങ്കളിയും അതിരുവിട്ടതിനെത്തുടർന്ന് ഇന്ത്യൻ വംശജയായ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തു.
സീബ്ര ക്രോസിംഗിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രക്കാരന് യുവതി സഞ്ചരിച്ചിരുന്ന വാഹനം വഴി നൽകാതിരുന്നതാണ് തർക്കത്തിനു തുടക്കമിട്ടതെന്നാണ് റിപ്പോർട്ടുകൾ.
ഡ്രൈവിംഗിലെ പിഴവ് ചൂണ്ടിക്കാട്ടി കാൽനടയാത്രക്കാരൻ ഫോണിൽ വീഡിയോ ചിത്രീകരിക്കാൻ തുടങ്ങിയതോടെ സ്ഥിതിഗതികൾ വഷളായി.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലിസ് യുവതിയെ കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചിരുന്ന യുവതിയുടെ ഭർത്താവിന് സാധുവായ ഇൻഷ്വറൻസ് രേഖകൾ ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. .
International
സ്റ്റോക്ക്ഹോം: രസതന്ത്രത്തിനുള്ള 2026ലെ നൊബേല്‍ പുരസ്കാരം ഫ്രഞ്ച് ശാസ്ത്രജ്ഞന് ഹെൻറി ബി. കഗാനും (95) ജാപ്പനീസ് ശാസ്ത്രജ്ഞന് കെന്‍സോ സോയിക്കും (76) ലഭിച്ചു.
അസിമട്രിക് ഓർഗാനിക് സിന്തസിസിലെ നോൺ-ലീനിയർ ഇഫക്ടുകളും ഓട്ടോ കാറ്റാലിസിസും കണ്ടെത്തിയതിനാണു റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ഇവരെ ആദരിച്ചത്.
‘ഹോമോകൈറൽ’ എന്നാണ് ജീവന്റെ രസതന്ത്രത്തെ ശാസ്ത്രജ്ഞർ വിളിക്കുന്നത്. ഒരേ, കൈ എന്നീ അർഥങ്ങളുള്ള ഗ്രീക്ക് വാക്കുകളിൽനിന്നാണ് ഹോമോകൈറൽ എന്ന വാക്കിന്റെ ഉത്പത്തി.
എല്ലാ അമിനോ ആസിഡുകളും നമ്മുടെ കൈകൾ പോലെ രണ്ട് പ്രതിബിംബ രൂപങ്ങളിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ മനുഷ്യകോശങ്ങളിൽ ഇതിൽ ഒരു രൂപം മാത്രമാണ് കാണുന്നത്. മറുരൂപം പ്രകൃതിയിൽ അപൂർവമാണ്.
ഈ പ്രതിബിംബ രൂപങ്ങളിൽ നമുക്കാവശ്യമുള്ളതു മാത്രം വേർതിരിച്ചെടുക്കൽ രസതന്ത്രജ്ഞരെ കുഴക്കിയ പ്രശ്നമായിരുന്നു. ഈ പ്രശ്നത്തിനാണ് കഗാനും സോയിയും ചേർന്ന് പരിഹാരമുണ്ടാക്കിയത്.
ഫ്രാന്‍സിലെ പാരീസ് സുഡ് സര്‍വകലാശാലയിൽ പ്രഫസറാണ് ഹെൻറി കഗാന്‍. ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് സയന്‍സിലെ ഗവേഷകനാണ് കെന്‍സോ സോയി.
ഔഷധരംഗത്തെ വിപ്ലവം
മരുന്നുകളുടെ നിർമാണത്തിൽ ഈ കണ്ടെത്തൽ ഏറെ നിർണായകമാണ്. മരുന്നിലെ തന്മാത്രയുടെ ഒരു വശം (രൂപം) രോഗം ശമിപ്പിക്കുമ്പോൾ, അതിന്റെ കണ്ണാടി പ്രതിബിംബമായ മറുഭാഗം ശരീരത്തിനു ഹാനികരമായേക്കാം. 1960കളിൽ ലോകത്തെ നടുക്കിയ ‘താലിഡോമൈഡ്’ ദുരന്തം ഉദാഹരണമാണ്.
ഗർഭിണികൾക്കു നൽകിയ താലിഡോമൈഡ് മരുന്നിലെ ഒരു തന്മാത്രാരൂപം സുരക്ഷിതമായിരുന്നെങ്കിലും അതിന്റെ പ്രതിബിംബരൂപം കുട്ടികളിൽ ഗുരുതരമായ വൈകല്യങ്ങൾക്കു കാരണമായി. നൊബേൽ പുരസ്കാരം ലഭിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ വ്യക്തിയാണ് 95കാരനായ ഹെൻറി കഗാൻ.
International
കീവ്: റഷ്യൻ സേനയുടെ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ നാല് കുട്ടികളടക്കം 24 പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ അറിയിച്ചു.
വടക്കൻ യുക്രെയ്നിലെ പാർപ്പിടസമുച്ചയത്തിൽ മിസൈൽ പതിച്ച് 18 പേർ കൊല്ലപ്പെട്ടു. അഞ്ചുനില കെട്ടിടം അപ്പാടെ തകർന്നുവീണെന്നാണു റിപ്പോർട്ട്. നാൽപതോളം പേർക്കു പരിക്കേൽക്കുകയും ചെയ്തു.
തലസ്ഥാനമായ കീവ് അടക്കമുള്ള നഗരങ്ങളിലാണു മറ്റ് ആറു പേർ കൊല്ലപ്പെട്ടത്. 70 മിസൈലുകളാണു റഷ്യ തൊടുത്തതെന്നും ഇതിൽ ഭൂരിഭാഗവും ബാലിസ്റ്റിക് ഇനത്തിൽപ്പെട്ടവ ആയിരുന്നെന്നും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.
ഇത്തരം മിസൈലുകളെ വെടിവച്ചിടുന്ന പേട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകൾ യുക്രെയ്നു നല്കാൻ അമേരിക്ക തയാറാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
അതേസമയം, യുക്രെയ്ന്റെ സൈനികോത്പാദന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രണമെന്നു റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
International
വത്തിക്കാൻ സിറ്റി: ജോൺ പോൾ രണ്ടാമൻ മാർപാപ്പ തുടക്കം കുറിച്ച ചരിത്രപ്രസിദ്ധമായ അന്താരാഷ്ട്ര മതസൗഹാർദ സമാധാന പ്രാർഥനയുടെ 40-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ അസീസി സന്ദർശിക്കും. ഈമാസം 25 മുതൽ 27 വരെയാണ് അസീസിയിൽ വാർഷികസമ്മേളനം സംഘടിപ്പിക്കുന്നത്.
1986 ഒക്ടോബർ 27നാണ് ആഗോള സമാധാനത്തിനായി ലോകത്തിലെ വിവിധ മതനേതാക്കളെ ഒരുമിച്ചുകൂട്ടി ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആദ്യമായി അസീസിയിൽ പ്രാർഥനായോഗം വിളിച്ചുചേർത്തത്.
ഇതിന്റെ ഓർമ പുതുക്കി ‘ആയുധമുക്തവും നിരായുധീകരണത്തിലൂന്നിയതുമായ സമാധാനം’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ സമ്മേളനം നടക്കുന്നത്.
സാന്ത എജീദിയോ എന്ന കത്തോലിക്കാകൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ 53 രാജ്യങ്ങളിൽനിന്നായി 384 മത, സാംസ്കാരിക പ്രതിനിധികൾ പങ്കെടുക്കും.
സമ്മേളനത്തിന്റെ അവസാനദിനമായ 27ന് ലെയോ പതിനാലാമൻ മാർപാപ്പ അസീസിയിലെത്തി സമാധാനസന്ദേശം നൽകും.
International
ജറുസലെം: ഗാസയിൽ വിനാശകരമായ യുദ്ധത്തിനു വഴിമരുന്നിട്ട ഹമാസ് കൂട്ടക്കുരുതിക്ക് മൂന്നാണ്ട്. ബന്ദികളാക്കപ്പെട്ടവർ തിരിച്ചെത്തിയ ശേഷമുള്ള ആദ്യത്തെ വാർഷികംകൂടിയാണിത്; ഹമാസിന്റെ അതിക്രൂര ആക്രമണത്തിൽ അന്ന് 1,200 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇസ്രേലിന്റെ ഇനിയും അവസാനിച്ചിട്ടില്ലാത്ത ആക്രമണങ്ങളിൽ ഗാസയുടെ ഭൂരിഭാഗം പ്രദേശങ്ങളും തകർക്കപ്പെടുകയും അവിടുത്തെ 20 ലക്ഷത്തോളം ജനങ്ങളെ ദുരിതത്തിലേക്കു തള്ളിവിടുകയും ചെയ്തു. ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമപുതുക്കാൻ ഭീകരർ ഇരച്ചുകയറി നടത്തിയ ആക്രമണത്തിനു വേദിയായ സംഗീതമേള നടന്ന സ്ഥലത്തും തെരുവുകളിലും ഇസ്രേലികൾ ഒത്തുചേർന്ന് ദുഃഖം പങ്കുവച്ചു.
റെയിം പട്ടണത്തിലെ സംഗീതോത്സവം നടന്ന വേദിയിൽ കൊല്ലപ്പെട്ടവരുടെ ഓർമകൾക്കൊപ്പം ബന്ധുക്കൾ ഒത്തുചേർന്നു. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കു മുന്നിൽ അവർ പുഷ്പാർച്ചന നടത്തി. താൻ എല്ലാ ദിവസവും ഇവിടെയെത്താറുണ്ടെന്ന് ഇരുപത്തിയഞ്ചുകാരനായ മകനെ നഷ്ടപ്പെട്ട അന്യ ഡാവിറ്റാഷ്ലി പറഞ്ഞു. “അന്ന് ആക്രമണം നടക്കുമ്പോഴുള്ള വീഡിയോ ദൃശ്യം എന്റെ പക്കലുണ്ട്. അവൻ നൃത്തം വയ്ക്കുന്ന ദൃശ്യമാണ്.
രാവിലെ 6.29ന് (ആക്രമണം നടന്ന സമയം) വീഡിയോ അവസാനിക്കുന്നു. ആ ദൃശ്യം എപ്പോഴും എന്റെ കൺമുന്നിലുണ്ട് അവർ പറഞ്ഞു. എല്ലാ ദിവസവും അവനില്ലാത്തതിന്റെ തീരാവേദനയിലാണ് ഞാൻ ഉണരുന്നത്” ഡാവിറ്റാഷ്ലി പറയുന്നു. കൊല്ലപ്പെട്ട മുന്നൂറ്റമ്പതിയിലധികം പേർക്ക് ആദരാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് റെയിം പട്ടണത്തിൽ ഒത്തുകൂടിയത്.
738 ദിവസം ഹമാസിന്റെ തടവിൽക്കഴിഞ്ഞ എൽകാന ബൊഹ്ബോതും (37) ഇത്തവണത്തെ വാർഷികാഘോഷത്തിൽ പങ്കുചേർന്നു. ഭൂനിരപ്പിൽ നിന്ന് 50 മീറ്റർ അടിയിലായി ഇരുണ്ട തുരങ്കത്തിലാണ് തന്നെ പാർപ്പിച്ചിരുന്നതെന്ന് ബൊഹ്ബോത് പറഞ്ഞു. മറ്റ് ബന്ദികൾക്കൊപ്പം ഒരു ചെറിയ മുറിയിലാണ് പാർപ്പിച്ചിരുന്നത്; വളരെ കുറച്ച് ഭക്ഷണം മാത്രമാണു നൽകിയിരുന്നത്. ആഴ്ചകൾ കൂടുമ്പോൾ ഒരിക്കൽ മാത്രമാണു കുളിക്കാൻ അനുവദിച്ചിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. സംഗീതോത്സവത്തിനിടെയാണ് ബൊഹ്ബോതിനെയും ഹമാസ് തട്ടിക്കൊണ്ടുപോയത്.
ഗാസയിലാവട്ടെ ഈ ദിനം ദുരിതത്തിന്റെ മറ്റൊരു ദിവസംകൂടിയായി കടന്നുപോകുകയാണ്. ഇസ്രയേൽ ആക്രമണം ഗാസയെ ഏതാണ്ട് പൂർണമായും തകർത്തിരിക്കുന്നു. ജനസംഖ്യയുടെ 90 ശതമാനത്തോളം പേർ പലായനം ചെയ്തു. രൂക്ഷമായ ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലാണ് പലസ്തീൻ.
ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 74,000ത്തിലധികം പലസ്തീനികളാണ് മൂന്നു വർഷത്തിനിടെ കൊല്ലപ്പെട്ടത്. ഇതിൽ പകുതിയോളം പേർ സ്ത്രീകളും കുട്ടികളുമാണ്. വെടിനിർത്തലിനുശേഷവും തുടരുന്ന ഇസ്രേലി ആക്രമണത്തിൽ ഗാസയിൽ 1,460 പലസ്തീനികൾ കൊല്ലപ്പെട്ടതായി മന്ത്രാലയം പറയുന്നു; ഇതേ കാലയളവിൽ ഏഴ് ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടു.
International
കൊളംബോ: ശ്രീലങ്കയിലെ മുൻ പ്രസിഡന്റ് മഹിന്ദ രജപക്സെയുടെ ഭാര്യ ശിറാന്തി രജപക്സെ അറസ്റ്റിൽ. ഇവർ നടത്തുന്ന ജീവകാരുണ്യ സംഘടനയ്ക്കു സംഭാവന ലഭിച്ച പണം ദുരുപയോഗിച്ചു എന്ന കേസിൽ ഇന്നലെ കൊളംബോയിലെ വസതിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
ചികിത്സയ്ക്കായി സിംഗപ്പുരിലായിരുന്ന ശിറാന്തി തിങ്കളാഴ്ചയാണു മടങ്ങിയെത്തിയത്. അറസ്റ്റ് തടയാൻ കോടതിൽ ഹർജി നല്‍കിയെങ്കിലും വിചാരണ തിങ്കളാഴ്ചത്തേക്കാണു നിശ്ചയിച്ചിരിക്കുന്നത്.
കൊളംബോയിലെ കുട്ടികളുടെ ആശുപത്രിയിൽ സ്കാനർ സ്ഥാപിക്കാനായി സിറിലയ സാവിയ എന്ന ജീവകാരുണ്യ സംഘടന ഒരു കോടി ശ്രീലങ്കൻ രൂപ സമാഹരിച്ചതാണു കേസിനാധാരം.
ആശുപത്രിക്ക് ചൈനീസ് സർക്കാർ നേത്തേതന്നെ ഒരു സ്കാനർ സംഭാവന നല്‍കിയിരുന്നു. പണം സംഘടനയുടെ അക്കൗണ്ടിൽത്തന്നെയുണ്ടെന്നും തട്ടിപ്പു നടന്നിട്ടില്ലെന്നും മഹിന്ദ രജപക്സെയുടെ വക്താവ് അറിയിച്ചു.
International
സനാ: യെമനിൽ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും സൗദി പിന്തുണയുള്ള ഔദ്യോഗിക ഭരണകൂടവും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷം.
സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഏദൻ നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഹൂതികൾ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി.
റിയാദ് വിമാനത്താവളത്തെ ലക്ഷ്യമിട്ടെന്ന ഹൂതി അവകാശവാദം സ്ഥിരീകരിക്കാൻ സൗദി തയാറായിട്ടില്ല. അതേസമയം, ഹൂതികൾ തൊടുത്ത മിസൈൽ റിയാദിന് വടക്കുവച്ച് വെടിവച്ചിട്ടതായി സൗദി വൃത്തങ്ങൾ അറിയിച്ചു.
ഏദനിൽ ചരക്കുവിമാനം ലാൻഡ് ചെയ്യാൻ മിനിറ്റുകൾ ശേഷിക്കേ റൺവേയിൽ ബാലിസ്റ്റിക് മിസൈൽ പതിക്കുകയായിരുന്നു. ചരക്കുവിമാനം സൗദിയിലെ ജിദ്ദയിലേക്കു തിരിച്ചുവിട്ടു. കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കുമെന്ന ഭീതിയിൽ റൺവേയിലുണ്ടായിരുന്ന മറ്റു വിമാനങ്ങൾ മാറ്റി.
ഇതിനിടെ, യെമനി സേനയും ഹൂതികളും തമ്മിലുള്ള പ്രധാനപോരാട്ടം ബാബ് അൽ മൻഡെപിനെ ചുറ്റിപ്പറ്റിയാണ്. സുപ്രധാന സമുദ്രപാതയിൽ സ്ഥിതി ചെയ്യുന്ന കടലിടുക്ക് മോചിപ്പിക്കലാണു ലക്ഷ്യം. അതിരൂക്ഷ പോരാട്ടമാണു നടക്കുന്നതെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. യെമനി സേനയെ തുരത്തിയെന്നാണ് ഹൂതികൾ പറഞ്ഞത്.
International
ജനീവ: സൈബീരിയയിലെ പ്ലേഗ് ഗവേഷണ കേന്ദ്രം ജീവനക്കാരൻ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ റഷ്യയിൽനിന്നു കൂടുതൽ വിവരങ്ങൾ ആരാഞ്ഞതായി ലോകാരോഗ്യ സംഘടന.
ആന്റി പ്ലേഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ 28 വയസുള്ള ജീവനക്കാരൻ ന്യൂമോണിയ ബാധിച്ച് വെള്ളിയാഴ്ച മരിച്ചെന്നാണു റഷ്യ പുറംലോകത്തെ അറിയിച്ചിട്ടുള്ളത്. ന്യൂമോണിയ പിടിപെടാനുള്ള കാരണം വ്യക്തമല്ല.
മരണപ്പെട്ട വ്യക്തിയമായി സന്പർക്കമുണ്ടായിരുന്നവർ അടക്കം ആർക്കും പ്ലേഗ് ബാധിച്ചിട്ടില്ലെന്നും ഭൂരിഭാഗം പേരും ക്വാറന്റൈൻ അവസാനിപ്പിച്ചുവെന്നും അറിയിപ്പിൽ പറയുന്നു.
എന്നാൽ, സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനാ മേധാവി തെദ്രോസ് ഗെബ്രയേസൂസ് പ്രതികരിച്ചു. ഇതിനിടെ, മറ്റൊരു വ്യക്തികൂടി മരണപ്പെട്ടുവെന്നും രണ്ടു മരണങ്ങൾക്കും കാരണം പ്ലേഗാണെന്നും ചില പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Kerala
കൊച്ചി: കേരള പൊലിസിന്റെ കിഡ് ഗ്ലോവ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കിഡ് ഗ്ലോവ് മോഡല്‍ യുണൈറ്റഡ് നേഷന്‍സ് 2026 (കെജിഎംയുഎൻ - 2026) പരിപാടി വൈറ്റില ടോക്എച്ച് പബ്ലിക് സ്കൂളില്‍ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം എസ്പി അങ്കിത് അശോകന് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട 175 വിദ്യാര്‍ഥിപ്രതിനിധികള്‍ പങ്കെടുത്തു.
ആഗോള വിഷയങ്ങളെക്കുറിച്ചു കൃത്യമായ ധാരണയുണ്ടാക്കാനും നയതന്ത്ര ചര്‍ച്ചകളില്‍ പങ്കാളികളാക്കാനും യുവതലമുറയെ പ്രാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
സംവാദങ്ങള്‍, ആശയവിനിമയം, നേതൃപാടവം, നയതന്ത്ര സഹകരണം എന്നിവയില്‍ വിദ്യാര്‍ഥികളുടെ മികവ് വളര്‍ത്തിയെടുക്കാന്‍ കെജിഎംയുഎൻ - 2026 വേദിയൊരുക്കും.
National
സൂരേന്ദ്രനഗര് (ഗുജറാത്ത്): ഭാര്യയുടെ കാമുകനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവുള്‍പ്പടെ ഒമ്പതു പേര് അറസ്റ്റില്‍. പ്രതികളില്‍ രണ്ടു സ്ത്രീകളും ഉള്‍പ്പെടുന്നു.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: ദക്ഷിണ ഗുജറാത്തിലെ വാപി സ്വദേശികളായ യുവതിയും ഭര്‍ത്താവും തമ്മില്‍ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. യുവതി ഇതിനുമുമ്പും കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഇവരെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. എന്നാല്‍ യുവതി വീണ്ടും കാമുകനോടൊപ്പം രക്ഷപ്പെടുകയാണുണ്ടായത്.
യുവതിയെയും കാമുകനെയും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പിന്തുടര്ന്ന് പിടികൂടുകയും സൂരേന്ദ്രനഗറിലെ ബന്ധുവിന്റെ വീട്ടിലെത്തിക്കുകയും ചെയ്തു.
ഇവിടെ വച്ച് യുവാവിനെ മര്‍ദിക്കുകയും യുവതിയുടെ മൂത്രം കുടിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെങ്കിലും വിവരമറിഞ്ഞ പൊലിസ് സ്വമേധയാ കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു.
National
കൊച്ചി: ആരോഗ്യമേഖലയിലെ മികവ് കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ തടസമാണോയെന്നു ഹൈക്കോടതി.
സംസ്ഥാനത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രമന്ത്രിസഭ ഇതുവരെ തത്വത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്.എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ ആറാഴ്ചക്കകം നിലപാട് അറിയിക്കാനും കോടതി കേന്ദ്രസര്‍ക്കാരിനോടു നിര്‍ദേശിച്ചു.
എയിംസ് സ്ഥാപിക്കാനായി പരിഗണിക്കുന്ന സ്ഥലപ്പട്ടികയില് കാസര്‍ഗോഡിനെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മ നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
നിലവില്‍ ആരോഗ്യമേഖലയില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും മികച്ച നേട്ടം കൈവരിച്ച സംസ്ഥാനമെന്ന നിലയിലാണു കേരളത്തിന് മുന്‍ഗണന ലഭിക്കാതെ പോയതെന്നുമായിരുന്നു കേന്ദ്രത്തിനുവേണ്ടി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ഒ.എം. ശാലീന ചൂണ്ടിക്കാട്ടിയത്. അഞ്ചു വര്‍ഷമാണ് പിഎംഎസ്എസ്വൈ പദ്ധതിയുടെ കാലയളവ്.
2026-27 മുതല്‍ 2030-31 വരെയുള്ള പദ്ധതി തുടര്‍ച്ചയ്ക്ക് അനുമതി ലഭിച്ചശേഷമേ പുതിയ എയിംസ് സംബന്ധിച്ച് തീരുമാനമെടുക്കാനാകൂവെന്നും കേന്ദ്രം അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
2016 മുതല്‍ പത്തു വര്‍ഷത്തോളമായി എയിംസ് എന്ന ആവശ്യം കേരളം ഉന്നയിക്കുകയാണെന്നു കോടതി ചൂണ്ടിക്കാട്ടി. കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കേരളത്തില്‍ എയിംസ് സ്ഥാപിക്കാനായി സംസ്ഥാനം 200 ഏക്കര്‍ ഭൂമി കോഴിക്കോട് കിനാലൂരില്‍ കണ്ടെത്തിയിട്ടുണ്ട്.
2022 മുതല്‍ കേന്ദ്രസംഘത്തെ അയച്ചു സാധ്യതാപഠനം നടത്തണമെന്നു സംസ്ഥാനം ആവശ്യപ്പെടുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, കേന്ദ്രമന്ത്രിസഭയുടെ തീരുമാനമുണ്ടായശേഷമേ സാധ്യതാപഠനം നടത്താനാകൂവെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.
നിലവിലെ ആരോഗ്യസ്ഥാപനങ്ങള്‍ മെച്ചപ്പെടുത്താന്‍ കേരളത്തിന് 4302 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. കേരളത്തിലെ ജനസാന്ദ്രതയും പാവപ്പെട്ടവരെയും കരുതി കേരളത്തെയും മുന്‍ഗണനാ പട്ടികയില്‍ പരിഗണിക്കണമെന്ന് തുടര്‍ന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് വിശദീകരണത്തിന് ആറാഴ്ച സമയം അനുവദിച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കായംകുളത്ത് മണിക്കൂറിൽ 2000 മെഗാവാട്ട് സംഭരിക്കാൻ ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം
(ബിഇഎസ്എസ്) സ്ഥാപിക്കും.
കെഎസ്ഇബി, എൻടിപിസി, എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് എന്നിവയുമായി ധാരണാപത്രം ഒപ്പുവയ്ക്കും. ഇതുൾപ്പടെ കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ നിർണായകമായ തീരുമാനങ്ങൾ എൻടിപിസിയുമായി നടത്തിയ ചർച്ചയിലുണ്ടായതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
കേരളത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും ദീർഘകാല ഊർജസുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് നടപടി. ഊർജസംഭരണം, അധിക വൈദ്യുതി ലഭ്യത, സൗരോർജ പദ്ധതികൾ, ദീർഘകാല വൈദ്യുതി ഉത്പാദനം തുടങ്ങിയ മേഖലകളിലാണ് എൻടിപിസിയുമായി സംസ്ഥാന സർക്കാർ ധാരണയുണ്ടാക്കിയത്.
പ്രധാന ധാരണകൾ
കായംകുളത്ത് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി ആവശ്യകത ഉയരുന്ന സമയങ്ങളിൽ സംഭരിച്ച വൈദ്യുതി ഉപയോഗപ്പെടുത്താൻ സാധിക്കും. ഇതിനു പുറമേ പോത്തൻകോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 80 മെഗാവാട്ട് വീതം സംഭരണശേഷിയുള്ള ബിഇഎസ്എസ് പദ്ധതികൾ 2027 മാർച്ചോടെ കമ്മിഷൻ ചെയ്യാനും തീരുമാനമായി.
മഹാരാഷ്ട്രയിലെ എൻടിപിസി സിന്നർ പദ്ധതിയിൽനിന്ന് കേരളത്തിന് 300 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കാനും ധാരണയായി. യൂണിറ്റിന് 5.18 രൂപ നിരക്കിലാണ് വൈദ്യുതി ലഭ്യമാക്കുക.
സംസ്ഥാനത്തെ നിലവിലെ വൈദ്യുതി ലഭ്യതാ പ്രതിസന്ധിക്ക് താത്കാലികമായി ആശ്വാസം നൽകുന്നതാണ് തീരുമാനം. കായംകുളത്ത് എൻടിപിസി നടപ്പിലാക്കുന്ന 27 മെഗാവാട്ട് സൗരോർജ പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കാനും ആവശ്യമായ സംസ്ഥാനതല സഹകരണം ഉറപ്പാക്കാനും തീരുമാനിച്ചു. കേരളത്തിന്റെ ദീർഘകാല വൈദ്യുതി ആവശ്യകത പരിഗണിച്ച് സംസ്ഥാനത്തിനായി സമർപ്പിത വൈദ്യുതി നിലയം സ്ഥാപിക്കണമെന്ന ആവശ്യവും എൻടിപിസിക്ക് മുന്നിൽ വച്ചു.
രാമഗുണ്ടം പവർ പ്ലാന്റിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പവർ പർച്ചേസ് എഗ്രിമെന്റ് ഒപ്പിടാനുള്ള സന്നദ്ധതയും എൻടിപിസി അറിയിച്ചതായി ഫേസ്ബുക്ക് കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
കെഎസ്ഇബിയുടെ മാനേജ്മെന്റ്, സാങ്കേതിക പ്രവർത്തനം, ആധുനിക വൈദ്യുതി മാനേജ്മെന്റ് സംവിധാനങ്ങൾ തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിനായി എൻടിപിസിയുടെ പ്രഫഷണൽ, സാങ്കേതിക വൈദഗ്ധ്യം ലഭ്യമാക്കാനും തീരുമാനമായി. പുനരുപയോഗ ഊർജം, ഊർജസംഭരണം, അധിക വൈദ്യുതി ലഭ്യത എന്നിവ വർധിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ ദീർഘകാല വൈദ്യുതി സുരക്ഷ ശക്തിപ്പെടുത്തുകയാണു ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകളും വോട്ടുകൊള്ളയും ആരോപിച്ചു പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയതോടെ, മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ ഛത്തീസ്ഗഡ് സന്ദർശനം മാറ്റിവച്ചു. ഇന്നലെയും ഇന്നുമായി നിശ്ചയിച്ചിരുന്ന വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പരിപാടികളാണു റദ്ദാക്കിയത്.
എന്നാൽ, ഒഴിവാക്കാനാകാത്ത ചില കാരണങ്ങളാലാണു സന്ദർശനം മാറ്റിവച്ചതെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസറുടെ ഔദ്യോഗിക വിശദീകരണം.ദന്തേവാഡയിലെ ദന്തേശ്വരി മാതാ ക്ഷേത്രം, ബസ്തറിലെ ചിത്രകൂട് വെള്ളച്ചാട്ടം, കബീർധാമിലെ ഭോരംദേവ് ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഗ്യാനേഷ് കുമാറിന് സംസ്ഥാന അതിഥി പദവി നൽകി സ്വീകരിക്കാൻ ഛത്തീസ്ഗഡ് സർക്കാർ ഒരുക്കം പൂർത്തിയാക്കിയതിനു പിന്നാലെയാണ് സന്ദർശനം റദ്ദാക്കിയതായി അറിയിപ്പ് വന്നത്.
എസ്ഐആർ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതോടെ ഉത്തർപ്രദേശ്, ലഡാക്ക്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പരിപാടികളും മാറ്റിവച്ചിരുന്നു.
ഉത്തർപ്രദേശിലെ മീററ്റിലും വാരണാസിയിലും പുതിയ വോട്ടർമാരുമായി നടത്താനിരുന്ന സംവാദ പരിപാടികളാണ് റദ്ദാക്കേണ്ടിവന്നത്.
Kerala
മംഗലംഡാം: കടപ്പാറക്കടുത്ത് പോത്തൻതോട് പാലത്തിനു മുകളിലുള്ള മലയിലെ സ്വകാര്യ തോട്ടത്തിലെ വീട്ടിൽ ആദിവാസി തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം താമസിക്കുന്ന ആദിവാസി യുവതിയെ മംഗലംഡാം പൊലിസ് കസ്റ്റഡിയിലെടുത്തു. കുഞ്ചിയാർപ്പതി ആദിവാസി ഊരിലെ പരേതനായ രാമകൃഷ്ണന്റെ മകൻ രാമസ്വാമി (52)ആണ് കൊല്ലപ്പെട്ടത്. ഒലിപ്പാറക്കടുത്ത് കൽച്ചാടി ആദിവാസി ഊരിലെ രുഗ്മിണി (26) ആണ് സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് കസ്റ്റഡിയിലുള്ളത്.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: രാമസ്വാമിയും രുഗ്മിണിയും ഒരു വർഷത്തോളമായി ഒന്നിച്ചാണു താമസിച്ചിരുന്നത്. ഇരുവരും വേറെ വിവാഹം കഴിച്ചവരാണ്. കഴിഞ്ഞദിവസം രാത്രി മദ്യപിച്ച് ഇരുവരും തമ്മിലുണ്ടായ വഴക്കിനെത്തുടർന്നാണ് കൊലപാതകം.
രാമസ്വാമിയുടെ തലയിൽ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. സമീപത്തൊന്നും ആൾതാമസമില്ലാതെ ഒറ്റപ്പെട്ട സ്ഥലമായതിനാൽ സംഭവം പുറത്തറിഞ്ഞില്ല. ഇന്നലെ രാവിലെ രുഗ്മിണിതന്നെയാണ് സമീപത്തെ തോട്ടത്തിലെത്തിയ ആളുകളോട് വിവരം പറഞ്ഞത്.
Kerala
തൃശൂർ: വാടാനപ്പിള്ളി ബീച്ചിന് സമീപം അയൽവാസിയുടെ പറമ്പിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഫസൽ നഗർ പടിഞ്ഞാറ് ഷംസുൽ ഹുദാ മദ്രസയ്ക്കടുത്ത് രായംമരക്കാർ വീട്ടിൽ മുഹമ്മദാലിയുടെ മകൻ അബ്ദുൾ സലാം (40) ആണ് മരിച്ചത്.
ട്രൗസർ മാത്രം ധരിച്ച് കമിഴ്ന്നു കിടക്കുന്ന നിലയിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൽപ്പിടിത്തം നടന്നതിന്റെയും മർദനമേറ്റതിന്റെയും പാടുകൾ ശരീരത്തിലുണ്ട്.
ലഹരിസംഘത്തിൽപ്പെട്ടവർ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് അബ്ദുൾ സലാമിന്റെ മരണത്തിലേക്കു നയിച്ചതെന്നാണു സൂചന.
National
ഗൂഡല്ലൂര്‍: കാറിന് മുകളില്‍ ഭീമന് പാറകള്‍ വീണ് മുന്‍ വ്യോമസേന ഉദ്യോഗസ്ഥന് മരിച്ചു. ഊട്ടിക്കടുത്ത ജഗദള സ്വദേശി കൃഷ്ണമൂര്ത്തിയാണ് (65) മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ ദേവകി, മകന് കാര്‍ത്തിക് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ മേട്ടുപാളയം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഏ ഴോടെ യാണ് സം ഭവം. ഊട്ടി മേട്ടുപാളയം ദേശീയ പാതയിലെ കുന്നൂര് ബര്ളിയാറിലാണ് അപകടം. റോഡിലൂടെ കാര്‍ സഞ്ചരിക്കുമ്പോള്‍ മലയുടെ മുകളില്‍ നിന്ന് ഭീമന് പാറകള്‍ കാറിലേക്ക് പതിക്കുകയായിരുന്നു.
നീലഗിരി ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി രാത്രിയും പകലും ഇടിമിന്നലോടു കൂടിയ കനത്ത മഴ പെയ്തിരുന്നു. മഴയെത്തുടര്‍ന്ന് പാറ അടര്‍ന്ന് വീഴുകയായിരുന്നു. ജഗദളയില് നിന്ന് മേട്ടുപാളയത്തേക്ക് പോകുകയായിരുന്നു കാര്‍ യാത്രക്കാര്‍.
International
വാഷിംഗ്ടൺ: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പറന്ന ഫ്ലൈദുബായ് വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ഭീകരാക്രമണ ശ്രമം ധീരമായി ചെറുത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭ. ന്യൂജേഴ്സിയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ജോഷ് ഗോട്ടീമർ ആണ് ഇതുസംബന്ധിച്ച പ്രമേയം ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റിട്ടും വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ രക്ഷിക്കാൻ സ്മിത് മച്ചാർ കാണിച്ച അസാമാന്യ ധൈര്യത്തെ പ്രമേയം പ്രശംസിച്ചു. ഇതോടൊപ്പം കോക്ക്പിറ്റ് സുരക്ഷിതമാക്കാൻ സഹായിച്ച മറ്റ് പൈലറ്റുമാർ, ക്യാബിൻ ക്രൂ, യാത്രക്കാർ എന്നിവരുടെ സേവനത്തെയും പ്രമേയത്തിൽ ആദരിക്കുന്നുണ്ട്.
വിമാനത്തിന്റെ സഹപൈലറ്റും ഒമാൻ സ്വദേശിയുമായ ഹമാം അൽ ഹമ്മാമി കോക്ക്പിറ്റിലെ കോടാലി ഉപയോഗിച്ച് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് വീണിട്ടും സ്മിത് മച്ചാർ കോക്ക്പിറ്റിന്റെ വാതിൽ തുറന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാരും യാത്രക്കാരും ചേർന്ന് അക്രമിയെ കീഴടക്കുകയായിരുന്നു.
തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിലുള്ള പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. അന്താരാഷ്ട്ര വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമാണിതെന്ന് അപലപിച്ച യുഎസ് ജനപ്രതിനിധി സഭ, സംഭവത്തിൽ സൗദി അറേബ്യയും യുഎഇയും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
National
ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സിബിഐ റെയ്ഡ് നടത്തി. സ്ഥലംമാറ്റങ്ങളിലും സർക്കാർ പ്രവർത്തനങ്ങളിലും അഴിമതി ആരോപിച്ചുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ചണ്ഡീഗഡ്, മൊഹാലി, ലുധിയാന, പട്യാല ഉൾപ്പെടെ എട്ട് ഇടങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. കേസിൽ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും രേഖകളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.
മന്ത്രിസഭയിലെ ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ ഓഫീസർ രാജ്ബീർ ഘുമാനും എതിരെയാണ് അഴിമതി ആരോപണങ്ങൾ ഉയർന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ടിന്റെയും പഞ്ചാബ് - ഹരിയാന ഹൈക്കോടതിയുടെയും നിർദേശപ്രകാരമാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.
National
ന്യൂഡൽഹി: എസ്ഐആറിൽ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർക്കെതിരേയുള്ള പ്രക്ഷോഭം ആളിക്കത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നാടകീയ നീക്കങ്ങളിലൂടെയും രാഹുലും പ്രിയങ്കയും ഇന്നലെ ഡൽഹി പൊലിസിനെ അക്ഷരാർഥത്തിൽ നിഷ്പ്രഭരാക്കി.
എട്ടു മണിക്കൂറിനുശേഷം ശക്തമായ ബലപ്രയോഗത്തിലൂടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്ത് പൊലിസ് മുഖംരക്ഷിച്ചത്. കസ്റ്റഡിയിലെടുത്ത് രണ്ടു മണിക്കൂറിനുശേഷം രാഹുലിനെയും പ്രിയ ങ്കയെയും നേതാക്കളെയും പൊലിസ് വിട്ടയച്ചു.
►രാഹുലിന്റെ അപ്രതീക്ഷിത നീക്കം
ഇന്നലെ രാവിലെ പത്തര മുതൽ സമീപകാലത്തൊന്നും കാണാത്ത പ്രക്ഷോഭത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിച്ചത്. ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിലായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ നിലപാടുകൾക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് എംപിമാർ മാർച്ച് നടത്തിയത്. പാർലമെന്റ് മന്ദിരത്തിൽനിന്ന് രാവിലെ പത്തരയോടെ ആരംഭിച്ച പ്രതിഷേധസമരം എംപിമാരുടെ അറസ്റ്റോടെ പതിവുരീതിയിൽ അവസാനിക്കാനിരിക്കെയായിരുന്നു രാഹുലിന്റെ അപ്രതീക്ഷിത നീക്കം.
►കുത്തിയിരുന്നു പ്രതിഷേധം
ബാരിക്കേഡിനു മുകളിൽനിന്നിറങ്ങിയ രാഹുൽ സമരം നിർത്തി തിരിച്ചുപോകുന്നതായി ഭാവിച്ച് നടന്നതോടെ പൊലിസിന്റെ ശ്രദ്ധ കുറഞ്ഞു. ഇതിനിടെ, പൊലിസിന്റെ കണ്ണുവെട്ടിച്ച് ആകാശവാണി ഭവനിലേക്കുള്ള ചെറിയ ഗേറ്റ് വഴി രാഹുൽ അകത്തു കടന്നു. അതുവഴി തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് പോകാനായിരുന്നു രാഹുലിന്റെ ശ്രമം. ഗേറ്റ് തുറന്നു കിടന്നതും പൊലിസിന്റെ അസാന്നിധ്യവും രാഹുലിന് തുണയായി.
പിന്നാലെ രാഹുൽ പ്രിയങ്ക ഗാന്ധിയെയും ഇങ്ങോട്ടേക്കു വരുത്തിച്ചു. ഇവിടെ ഇവരെ പൊലിസ് തടഞ്ഞതോടെയാണ് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഉച്ചയ്ക്ക് 12.30ന് ആകാശവാണി ഭവനിൽ പ്രവേശിച്ച രാഹുലിനെയും മറ്റ് നേതാക്കളെയും രാത്രി എട്ടോടെയാണ് വൻ പൊലിസ് സന്നാഹം അറസ്റ്റ് ചെയ്തു നീക്കിയത്.
സമരം അവസാനിപ്പിക്കാൻ നിരവധി തവണ ഉന്നത പൊലിസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും രാഹുൽ വഴങ്ങിയില്ല. ഒരു എംപിയോട് വീട്ടിലേക്കു പോകാൻ ആവശ്യപ്പെടാൻ പൊലിസിന് അവകാശമില്ലെന്നും പ്രതിഷേധിക്കുക എന്നതു തന്റെ ജനാധിപത്യ അവകാശമാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.
►ബലംപ്രയോഗിച്ച് കസ്റ്റഡി
തെരഞ്ഞെടുപ്പ് കമ്മിഷനെ നേരിൽ കാണാതെ പിന്മാറില്ലെന്ന് രാഹുലും പ്രിയങ്കയും ശഠിച്ചു. തുടർന്ന് കെ.സി. വേണുഗോപാൽ, പവൻ ഖേര അടക്കമുള്ള നേതാക്കളും ഇവിടെയെത്തി. ഒടുവിൽ രാത്രി എട്ടോടെ ബലം പ്രയോഗിച്ച് പൊലിസ് നേതാക്കളെ കസ്റ്റഡിയിലെടുത്താണ് സമരം അവസാനിപ്പിച്ചത്. നേതാക്കൾ ശക്തമായി ചെറുത്തുനിന്നു. പിന്നീട് പൊലിസ് ബസിൽ കയറ്റിയപ്പോൾ ജനാലയിലൂടെ പുറത്തേക്കു ചാടാൻ ശ്രമിച്ച രാഹുലിനെ ബലം പ്രയോഗിച്ച് വീണ്ടും വാഹനത്തിനുള്ളിലാക്കി.
രാഹുലിനൊപ്പം ആകാശവാണി ഭവനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, എം.കെ. രാഘവൻ, ഷാഫി പറമ്പിൽ തുടങ്ങിയ കോൺഗ്രസ് എംപിമാരെയും പൊലിസ് കസ്റ്റഡിയിലെടുത്തു നീക്കി. പാർലമെന്റ് സ്ട്രീറ്റിൽ നിന്ന് ഏകദേശം 20 കിലോമീറ്ററോളം അകലെയുള്ള കിംഗ്സ് വേ ക്യാമ്പിലേക്കാണ് രാഹുൽ ഉൾപ്പടെയുള്ള എംപിമാരെ പൊലിസ് കൊണ്ടുപോയത്.
പാർലമെന്റിനകത്ത് മകർദ്വാറിൽനിന്നാണ് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ,അഖിലേഷ് യാദവ്, അഭിഷേക് ബാനർജി തുടങ്ങിയവരുടെ നേതൃത്വത്തിൽ മാർച്ച് തുടങ്ങിയത്. തെരഞ്ഞെടുപ്പ് കമ്മിഷന് ഏതാനും മീറ്റർ അകലെ ആകാശവാണി ഭവനു മുമ്പിൽ പൊലിസ് എംപിമാരെ തടഞ്ഞു.
►പാർലമെന്റ് മാർച്ചിൽ നാടകീയരംഗങ്ങൾ
Kerala
കൊച്ചി: കോളജും സ്കൂളുകളും മാത്രമല്ല, വിദ്യാർഥികൾ താമസിക്കുന്ന ഇടങ്ങളും റാഗിംഗ് സംബന്ധിച്ച നിയമത്തിന്റെ പരിധിയിൽവരുമെന്ന് സർക്കാർ മാർഗനിർദേശം. ഡിജിറ്റൽ ഇടങ്ങളിലടക്കം വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഏതു പ്രവൃത്തിയെയും റാഗിംഗായി കണക്കാക്കും.
പുതിയ റാഗിംഗ് നിരോധനനിയമം നടപ്പിൽവരാൻ കാലതാമസമെടുക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് സർക്കാർ ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ തയാറാക്കിയത്. മാർഗനിർദേശങ്ങൾ ബാധകമാകുന്ന പ്രദേശങ്ങളുടെ കാര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനത്തിനകത്തും പുറത്തും എന്നരീതിയിലുള്ള വാക്കുകളിൽ
മാറ്റം വേണ്ടതുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. കോടതി നേരത്തേ നിർദേശിച്ച പ്രകാരം കരട് ബില്ലി ന്റെ അടിസ്ഥാനത്തിലാണു മാർഗനിർദേശം തയാറാക്കിയതെന്ന് സർക്കാർ അറിയിച്ചു.
പ്രധാന ഉള്ളടക്കം ഇങ്ങനെ:
1.വിദ്യാർഥികൾ വാഹനം കാത്തിരിക്കുന്ന സ്ഥലവും മാർഗനിർദേശ പ്രകാരം വിദ്യാലയം/കലാലയം എന്ന നിർവചനത്തിന്റെ പരിധിയിൽ വരും.
2. റാഗിംഗ് തെളിഞ്ഞാൽ ക്രിമിനൽ കുറ്റത്തിനുള്ള ശിക്ഷയ്ക്കു പുറമേ വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് പുറത്താക്കുകയും മൂന്നു വർഷത്തേക്ക് മറ്റു സ്ഥാപനങ്ങളിൽ പ്രവേശനം നിഷേധിക്കുകയും ചെയ്യും.
3. റാഗിംഗ് നടന്നെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാൽ 24 മണിക്കൂറിനകം പൊലിസിനു പരാതി കൈമാറുകയും ആരോപണവിധേയനായ വിദ്യാർഥിയെ ഉടനടി സസ്പെൻഡ് ചെയ്യുകയും വേണം.
4. പരാതി മറച്ചുവച്ചാൽ സ്ഥാപന മേധാവിക്കെതിരേയും റിഗിംഗിനെതിരായ നടപടിയിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരേയും നടപടിയുണ്ടാകും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള ത്രൈമാസ മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച കത്തിൽ അഭ്യർഥിച്ചു. 4,068 കിലോലിറ്റർ മണ്ണെണ്ണയാണു നിലവിൽ ത്രൈമാസ വിഹിതം. അത് 9,564 കിലോലിറ്ററായി വർധിപ്പിക്കണമെന്നാണ് ആവശ്യം.
സാമ്പത്തിക ദുർബലവിഭാഗങ്ങൾ, കുടിയേറ്റ തൊഴിലാളികൾ, മറ്റു പിന്നാക്കവിഭാഗങ്ങൾ എന്നിവർ സബ്സിഡി മണ്ണെണ്ണയെ ആശ്രയിക്കുന്നതിനാൽ, സംസ്ഥാന സർക്കാരിന് വിതരണഅളവ് 0.5 ലിറ്ററിൽനിന്ന് ഒരുലിറ്ററായി വർധിപ്പിക്കാതെ മറ്റു മാർഗമില്ല.
തീരദേശ, കുന്നിൻ പ്രദേശങ്ങൾ, വിദൂര നാടുകൾ എന്നിവിടങ്ങളിൽ ഗാർഹിക ആവശ്യങ്ങൾക്കായി മണ്ണെണ്ണയെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ എണ്ണം കേരളത്തിൽ ഗണ്യമാണ്. എൽപിജി വിതരണനിയന്ത്രണം മൂലം മണ്ണെണ്ണയ്ക്കും മറ്റു പാചകഇന്ധനങ്ങൾക്കും ആവശ്യം വർധിച്ചു.
മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതോടെ കേരളം കടുത്ത മണ്ണെണ്ണ ക്ഷാമത്തിലേക്കു നീങ്ങുകയാണ്. മുമ്പു ലഭിച്ചിരുന്ന 56.76 ലക്ഷം ലിറ്ററിൽ നിന്ന് ഇത്തവണ ഒക്ടോബർ-ഡിസംബർ പാദത്തിലും വിഹിതം 40.68 ലക്ഷം ലിറ്ററായിത്തന്നെ കേന്ദ്രം പരിമിതപ്പെടുത്തി. ഇതിലൂടെ ആകെ 16.08 ലക്ഷം ലിറ്ററിന്റെ കുറവാണു സംസ്ഥാനത്തിനുണ്ടായത്.
നിലവിലെ വിഹിതം അനുസരിച്ച് 5.94 ലക്ഷം വരുന്ന മഞ്ഞ കാർഡുകാർക്ക് മൂന്നുമാസത്തിലൊരിക്കൽ ഒരു ലിറ്റർ വീതവും, പിങ്ക്, നീല, വെള്ള കാർഡുകാർക്ക് അര ലിറ്റർ വീതവുമാണു മണ്ണെണ്ണ നൽകുന്നത്. എന്നാൽ വിഹിതം പകുതിയോളം കുറഞ്ഞതോടെ എല്ലാ കാർഡുടമകൾക്കും ഇതു ലഭ്യമാക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾക്ക് എഞ്ചിൻ ശേഷി അനുസരിച്ച് വലിയ അളവിൽ മണ്ണെണ്ണ ആവശ്യമാണ്. റേഷൻ വിഹിതത്തിൽ നിന്നുകൂടി ഇവർക്കു മണ്ണെണ്ണ നൽകേണ്ടി വരുന്നതു പ്രതിസന്ധി രൂക്ഷമാക്കുന്നു. പലരും ഉയർന്ന വിലനൽകി പുറംവിപണിയിൽ നിന്നാണ് ഇപ്പോൾ മണ്ണെണ്ണ വാങ്ങുന്നത്.
വിഹിതം വെട്ടിക്കുറച്ചതിനൊപ്പം റേഷൻ മണ്ണെണ്ണയുടെ വിലയും കേന്ദ്രം വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ റേഷൻ കടകൾ വഴി ലിറ്ററിന് 71 രൂപ മുതൽ 76 രൂപ വരെ നിരക്കിലാണു മണ്ണെണ്ണ വിതരണം ചെയ്യുന്നത്.
Kerala
തിരുവനന്തപുരം: ഭരണത്തിൽ വന്നു 150 ദിവസം പിന്നിട്ട യുഡിഎഫ് സർക്കാർ സന്പൂർണ പരാജയമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റെയ്ഞ്ച് റോവറിൽ സഞ്ചരിക്കുന്ന മന്ത്രിയും പ്രൈവറ്റ് ജെറ്റിൽ പറക്കുന്ന മുഖ്യമന്ത്രിയുമാണു നാട്ടിൽ ഭരണം നടത്തുന്നത്.
മരുന്നുക്ഷാമവും പവർകട്ടും കാരണം ജനം പൊറുതിമുട്ടുകയാണ്. സംസ്ഥാനത്തു കോണ്‍ഗ്രസും സിപിഎമ്മും തമ്മിൽ ഡീലാണ്. ഇതിനുദാഹരണമാണ് ഇപ്പോൾ ഗ്യാനേഷ് കുമാറിനെതിരേ നടക്കുന്ന സമരമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ്കുമാറിനെതിരേ സമരം ചെയ്യുന്നതിൽ ബിജെപിക്ക് ആശങ്കയില്ല. സംസ്ഥാന സർക്കാർ അദ്ദേഹത്തിന്റെ പേരിലുള്ള പഴയ ഒരു കേസ് അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നല്ല കാര്യംതന്നെ.
എന്നാൽ മാസപ്പടി കേസിൽ കോടതി പറഞ്ഞിട്ടും ഇതുവരെയും കേസ് രജിസ്റ്റർ ചെയ്യാത്തതെന്തെന്നു മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്നും രാജീവ് പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: സൈബീരിയയിലെ പ്ലേഗ് ഗവേഷണ കേന്ദ്രത്തിലെ 28 കാരിയായ ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ റഷ്യ തയാറാകണമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടു.സംഭവത്തിൽ അന്താരാഷ്ട്രതലത്തിൽ വലിയ ഊഹാപോഹങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികരണം.
‘ലോകത്തിനുമുന്നിൽ കൂടുതൽ കാര്യങ്ങൾ തുറന്നുപറയാൻ റഷ്യ ബാധ്യസ്ഥരാണ്. ഞങ്ങൾ വളരെ ശ്രദ്ധയോടെ, ഓരോ മണിക്കൂറിലും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ് -ഐസ്ലൻഡ് സന്ദർശനത്തിനിടെ മാർക്കോ റൂബിയോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യുവതിയുടെ മരണകാരണത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും ഇവരുമായി സമ്പർക്കത്തിൽ വന്നവർക്കാർക്കും ന്യുമോണിക് പ്ലേഗ് ബാധിച്ചിട്ടില്ലെന്നുമാണ് റഷ്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സൈബീരിയയിലെ ഇർകുട്സ്ക് മേഖലയിൽ ഗവേഷകയുടെ മരണത്തെത്തുടർന്ന് നിരവധി പേരെ നിരീക്ഷണത്തിലാക്കിയതായി വാർത്തകൾ പുറത്തുവന്നിരുന്നു.
ഗവേഷണത്തിനിടെ രോഗാണു അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ പൊട്ടിയതിനെത്തുടർന്നോ അതല്ലെങ്കിൽ വന്യജീവികളിൽ പ്ലേഗ് രോഗം കണ്ടുവരുന്ന മേഖലയിലെ ഫീൽഡ് സന്ദർശനത്തിനുശേഷമോ ആകാം ഇവർക്ക് അണുബാധയുണ്ടായതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
എന്നാൽ റഷ്യൻ അധികൃതർ ഈ വാർത്തകൾ തള്ളി. വ്യക്തമല്ലാത്ത കാരണങ്ങളാലുള്ള ന്യുമോണിയ മൂലം ജീവനക്കാരി മരിച്ചെന്നാണു റഷ്യൻ ആരോഗ്യ ഏജൻസിയായ ‘റോസ്പോട്രെബ്നാഡ്സോർ’ അറിയിച്ചത്.
ലോകാരോഗ്യ സംഘടനയ്ക്കു നൽകിയ ഔദ്യോഗിക പ്രസ്താവനയിൽ, ഇർകുട്സ്ക് നഗരത്തിൽ ഇത്തരം അപകടകരമായ രോഗങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റഷ്യ വ്യക്തമാക്കി. രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തി നിരീക്ഷിച്ചുവരികയാണെന്നും ഇതുവരെ ആർക്കും രോഗലക്ഷണങ്ങളില്ലെന്നും ലോകാരോഗ്യസംഘടന വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്മെയർ അറിയിച്ചു.
സ്ഥിതിഗതികൾ സങ്കീർണമായാൽ റഷ്യയെ സഹായിക്കാൻ തങ്ങൾ സന്നദ്ധരാണെന്ന് യുഎസ് വ്യക്തമാക്കിയപ്പോൾ, തിരിച്ച് അമേരിക്കയിലെ പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ സഹായിക്കാമെന്ന് റഷ്യ പരിഹാസരൂപേണ മറുപടി നൽകി.
വിഷയം ഗൗരവമായി നിരീക്ഷിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യക്തമാക്കി. ഭീതിയുടെ ആവശ്യമില്ലെന്നും ശരിയായ സമയത്ത് ആന്റിബയോട്ടിക് ചികിത്സ നൽകിയാൽ പ്ലേഗ് പൂർണമായും ഭേദമാക്കാൻ സാധിക്കുമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Kerala
തിരുവനന്തപുരം: കെഎസ്ടിപി റോഡ് നിർമാണ പദ്ധതിയിലെ അഴിമതി ആരോപണങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലയളവിൽ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണു നടപടിയെന്നു മന്ത്രി വ്യക്തമാക്കി.
2006ലെ കെഎസ്ടിപി പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനു ലഭിച്ച പ്രത്യേക പരാതി പരിശോധിക്കേണ്ടതുണ്ടെന്നു രമേശ് ചെന്നിത്തല എക്സിലൂടെ അറിയിച്ചു. പരാതിയിലെ വസ്തുതകൾ പരിശോധിക്കണമെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടു പോയി വിവരങ്ങൾ കണ്ടെത്താൻ വിജിലൻസിനെ അനുവദിക്കണമെന്നും മന്ത്രി കുറിപ്പിൽ വിശദീകരിച്ചു.
ഗ്യാനേഷ് കുമാറിനെതിരേ തുടർനടപടികൾ സ്വീകരിക്കുന്നതിനു മുൻപ് പ്രാഥമിക അന്വേഷണം നടത്താനാണു വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്കു നിർദേശം നൽകിയിട്ടുള്ളത്. കെപിസിസി നേതാവ് മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ബിജെപിക്ക് എതിർപ്പ്
അതേസമയം സർക്കാരിന്റെ നടപടിയെ എതിർത്ത് ബിജെപി രംഗത്തെത്തി. റോഡ് നിർമാണ പദ്ധതിയിലെ അഴിമതി ആരോപണങ്ങളിൽ അന്വേഷണം നടത്തുമ്പോൾ അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനെയും അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ ലക്ഷ്യമിടുകയും എന്നാൽ, മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരേ യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതിലൂടെ നിയമത്തെ തങ്ങൾക്ക് അനുകൂലമായ രീതിയിൽ മാത്രം വ്യാഖ്യാനിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.
Kerala
ഹരിപ്പാട്: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ കുറ്റാരോപിതയായ പതിമൂന്നുകാരിക്കും ജാമ്യം അനുവദിച്ചു.
ആലപ്പുഴ ജുവനൈൽ ജസ്റ്റീസ് ബോർഡാണ് പെൺകുട്ടിക്ക് കർശന ഉപാധികളോടെ ജാമ്യം നൽകിയത്. കേസിൽ ഉൾപ്പെട്ട മറ്റു മൂന്ന് കൗമാരക്കാർക്ക് കഴിഞ്ഞ 28ന് ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ കേസിൽ ഉൾപ്പെട്ട നാലു കുട്ടികൾക്കും ജാമ്യമായി.
തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പൂർത്തിയായതിനാൽ ആൺകുട്ടികളെ ഇനി നിരീക്ഷണകേന്ദ്രത്തിൽ പാർപ്പിക്കേണ്ടതില്ലെന്നു വിലയിരുത്തിയായിരുന്നു കഴിഞ്ഞയാഴ്ച ഇവർക്കു ജാമ്യം നൽകിയത്. 40 ദിവസത്തോളമാണ് ഇവർ നിരീക്ഷണകേന്ദ്രത്തിൽ കഴിഞ്ഞത്. തുടർന്ന് പെൺകുട്ടിയെ ശിശുസംരക്ഷണ ഓഫിസറുടെയും കൗൺസിലറുടെയും സാന്നിധ്യത്തിൽ ചോദ്യം ചെയ്യാൻ ബോർഡ് അന്വേഷണസംഘത്തിന് അനുമതി നൽകിയിരുന്നു.
ഈ നടപടികൾ പൂർത്തിയായ പശ്ചാത്തലത്തിലാണ് പെൺകുട്ടിയുടെ ജാമ്യാപേക്ഷ പരിഗണിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇന്നലെ ജാമ്യം അനുവദിച്ചത്. രക്ഷിതാക്കളുടെ സംരക്ഷണത്തിലും കർശന നിരീക്ഷണത്തിലുമാണ് കുട്ടികളെ വിട്ടയച്ചിരിക്കുന്നത്.
ഓഗസ്റ്റ് 15ന് രാത്രിയായിരുന്നു കരുവാറ്റയിലെ വാടകവീട്ടിൽ വയോധികൻ കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊലിസ് ഉടൻ കുറ്റപത്രം സമർപ്പിക്കും.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ വയോജനങ്ങൾക്കായി റിസർവ് ചെയ്ത സീറ്റുകൾ അവർക്ക് ലഭ്യമാക്കുന്നതിനുള്ള കർശന നടപടി സ്വീകരിക്കുമെന്നും ബസുകളിൽ നിലവിലുള്ള ഓൺലൈൻ രജിസ്ട്രേഷനുകളിൽ വയോജനങ്ങൾക്കായി സീറ്റ് റിസർവ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറുടെ ഉറപ്പ്.
വയോജനസൗഹൃദമായി സ്വീകരിക്കേണ്ട പരിഷ്കരണ നടപടികളെ സംബന്ധിച്ച് സംസ്ഥാന വയോജന കമ്മിഷനുമായി നടത്തിയ ചർച്ചയിലാണ് കെഎസ്ആർടിസി എം ഡി ഡോ. പ്രമോജ് ശങ്കർ ഈ ഉറപ്പു നൽകിയത്.
കെഎസ്ആർടിസി ബസുകളിൽ വാതിൽപ്പടികളുടെ ഉയരം കുറയ്ക്കുന്നത് സംബന്ധിച്ചും വയോജനങ്ങൾക്കായി റിസർവ് ചെയ്തിരിക്കുന്ന സീറ്റുകളുടെ സ്ഥാനം ടയറിനു മുകളിൽനിന്നു മാറ്റുന്നത് സംബന്ധിച്ചുമുള്ള നിർദേശം പരിശോധിക്കുമെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.
യോഗത്തിൽ വയോജന കമ്മിഷൻ അംഗം അമരവിള രാമകൃഷ്ണൻ, കമ്മിഷൻ സെക്രട്ടറി ജി വിനോദ്, രജിസ്ട്രാർ ശാരദ ടി. ആർ എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി.
സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീന്റെയും ഇൻസിനറേറ്ററിന്റെയും പ്രവർത്തനോദ്ഘാടനം തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ വനിതാ, ശിശു വികസന, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു.
വിമൻ ഓൺ ദ മൂവ് ആൻഡ് മെൻസ്ട്ര്വൽ നീഡ്സ് എന്ന് പേരിട്ട പദ്ധതിയിലൂടെ യാത്രാവേളയിൽ സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുകയും ഉപയോഗശേഷം പരിസ്ഥിതി സൗഹൃദമായി സംസ്കരിക്കുന്നതിന് ഇൻസിനറേറ്റർ സൗകര്യം ഒരുക്കുകയും ചെയ്യുന്നു. 14 ജില്ലകളിലും ഓരോ കെഎസ്ആർടിസി ബസ് ടെർമിനലിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.
തമ്പാനൂർ, കരുനാഗപ്പള്ളി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മൂന്നാർ, എറണാകുളം സെൻട്രൽ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, മാനന്തവാടി, കണ്ണൂർ, കാസർഗോഡ് ബസ് സ്റ്റാൻഡുകളിലാണ് മെഷീൻ സ്ഥാപിച്ചിട്ടുള്ളത്. 93 കെഎസ്ആർടിസി ഡിപ്പോകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. തുടർന്ന് ടൂറിസം കേന്ദ്രങ്ങളിലും പൊതുവിടങ്ങളിലും സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനും ഇൻസിനറേറ്ററും സ്ഥാപിക്കും. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
കെഎസ്ആർടിസി ടെർമിനലുകളിലെ ശുചിമുറിക്കു സമീപമാണു മെഷീൻ സ്ഥാപിച്ചിട്ടുള്ളത്. ഒരു പാക്കറ്റിൽ മൂന്ന് സാനിറ്ററി നാപ്കിനുകൾ ഉണ്ടാകും. 10 രൂപയാണ് വില. എച്ച്എൽഎല്ലിന്റെ സഹകരണത്തോടെയാണ് വനിതാ ശിശുവികസനവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. മെഷീനുകളുടെ പരിപാലനം കെഎസ്ആർടിസി നിർവഹിക്കും.
Kerala
തൃശൂർ: ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ തിരുവനന്തപുരം പള്ളിവിള ജംഗ്ഷനിലെ പുതിയ ആശുപത്രിയുടെ ഉദ്ഘാടനം ഇന്നു വൈകുന്നേരം നാലിനു മന്ത്രി കെ. മുരളീധരൻ നിർവഹിക്കും.
കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സൗജന്യ ഭക്ഷണപദ്ധതി മന്ത്രി സണ്ണി ജോസഫ്, പാലിയേറ്റീവ് എമർജൻസി ഹോം കെയർ മന്ത്രി കെ.എ. തുളസി, സൗജന്യ ഫിസിയോ തെറാപ്പി പദ്ധതി മന്ത്രി എം. ലിജു, സൗജന്യ ഡയാലിസിസ് പദ്ധതി മന്ത്രി മോൻസ് ജോസഫ് എന്നിവർ ഉദ്ഘാടനംചെയ്യും. ആശീർവാദകർമം നെയ്യാറ്റിൻകര ബിഷപ് റവ.ഡോ. ഡി. സെൽവരാജൻ നിർവഹിക്കും.
കിടപ്പുരോഗികൾക്കും മരണാസന്നർക്കും വാർധക്യ രോഗങ്ങളെത്തുടർന്ന് ദുരിതമനുഭവിക്കുന്നവർക്കും സൗജന്യ പാലിയേറ്റീവ് കെയർ നൽകുന്ന ശാന്തിഭവന്റെ വട്ടപ്പാറയിലെ ആശുപത്രിയുടെ പ്രവർത്തനമാണു കൂടുതൽ സൗകര്യപ്രദമായ പള്ളിവിള ജംഗ്ഷനിലെ കരകുളം പഞ്ചായത്ത് മാർക്കറ്റിനെതിരേയുള്ള കെട്ടിടത്തിലേക്കു മാറ്റുന്നത്.
നെയ്യാറ്റിൻകര ബിഷപ് എമരിറ്റസ് റവ.ഡോ. വിൻസെന്റ് സാമുവൽ, എംഎൽഎമാരായ ജി.ആർ. അനിൽ, വി. മുരളീധരൻ, ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രി സഹസ്ഥാപകനും സിഇഒയും ട്രസ്റ്റിയുമായ ഫാ. ജോയ് കൂത്തൂർ, മെഡിക്കൽ ഡയറക്ടർ ഡോ. റിഷിൻ സുമൻ, ആശുപത്രി സഹസ്ഥാപകയും എഫ്എസ്സി സന്യാസ സമൂഹത്തിന്റെ മദർ ജനറലുമായ സിസ്റ്റർ മരിയ ക്യാര കള്ളിയത്തുപറന്പിൽ എഫ്എസ്സി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, എപ്പിസ്കോപ്പൽ വികാരിയും വട്ടപ്പാറ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ചർച്ച് വികാരിയുമായ മോണ്‍. ജോസ് റാഫേൽ, നെടുമങ്ങാട് ക്രൈസ്റ്റ് ദ കിംഗ് ഫൊറോന പള്ളി വികാരി ഫാ. ഷാജ് കുമാർ, വട്ടപ്പാറ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കല്ലയം സുകു, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. വൈജുകുമാർ, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത്കുമാർ, മുട്ടട ഹോളിക്രോസ് വികാരി ഫാ. പോൾ പഴങ്ങാട്ട് സിഎസ്എസ്ആർ, ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ആർ. പ്രീത, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.കെ. അശ്വതി, ഗ്രാമപഞ്ചായത്ത് അംഗം വട്ടപ്പാറ ഓമന, ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രി തിരുവനന്തപുരം ചീഫ് കോഓർഡിനേറ്റർ സിസ്റ്റർ റീന തെരേസ് എഫ്എസ്സി എന്നിവർ പ്രസംഗിക്കും.
Kerala
കൊച്ചി: ഭവന്‍സ് ശിക്ഷണ്‍ ഭാരതി മുംബൈ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ഭാരതീയ വിദ്യാഭവന് കൊച്ചി കേന്ദ്രത്തിലെ ഭവന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് സെന്ററും ഐഐടി ഗാന്ധിനഗറിലെ സെന്റര്‍ ഫോര്‍ ക്രിയേറ്റീവ് ലേണിംഗും (സിസിഎല്‍) സംയുക്തമായി സംഘടിപ്പിക്കുന്ന ദിശ- അഖിലേന്ത്യാ അധ്യാപക സമ്മേളനത്തിന് തുടക്കം.
കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തില്‍ എസ്സിഇആര്ടി കേരള ഡയറക്ടര്‍ ഡോ. കെ.കെ. മഷൂദ് ഉദ്ഘാടനം ചെയ്തു. ‘സ്റ്റെം നൂതന അധ്യാപനം- സിദ്ധാന്തത്തില്‍നിന്ന് പ്രയോഗത്തിലേക്ക്’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സമ്മേളനം.
ഭാരതീയ വിദ്യാഭവന് കൊച്ചി കേന്ദ്ര ചെയര്മാന് വേണുഗോപാല്‍ സി. ഗോവിന്ദ് അധ്യക്ഷത വഹിച്ചു. സമ്മേളനം നാളെ സമാപിക്കും.
Kerala
കൊച്ചി: കെആര്‍എല്‍സിസി രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലെയ്റ്റി കോണ്‍ക്ലേവ് നടത്തി. പഞ്ചാബ് ചീഫ് സെക്രട്ടറിയുടെ ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ഡോ. നിര്‍മല്‍ ഔസേപ്പച്ചന് ഉദ്ഘാടനം ചെയ്തു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ആലപ്പുഴ രൂപത വികാരി ജനറല്‍ മോണ്‍. ജോയ് പുത്തന്‍വീട്ടില്‍, എ.ഡി. തോമസ് എംഎല്‍എ, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, ഫാ ജോണ്സണ് പുത്തന്‍വീട്ടില്‍, ബിജു ജോസി, റാണി പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു
‘അല്മായരുടെ ദൗത്യവും സാമൂഹിക ഉത്തരവാദിത്വവും’ എന്ന വിഷയത്തില്‍ വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന് മുന്‍ പ്രസിഡന്റ് ജോയി ഗോതുരുത്ത് വിഷയാവതരണം നടത്തി. പാനല്‍ ചര്‍ച്ചയില്‍ കിഫ്ബി അഡീഷണല്‍ സിഇഒ മിനി ആന്റണി, എ.ഡി. തോമസ്, സോണി പാവേലില്‍ എന്നിവര്‍ പങ്കെടുത്തു.
ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. വിജയപുരം സഹായമെത്രാന്‍ ഡോ. ജസ്റ്റിന് അലക്സാണ്ടര്‍ മഠത്തില്‍പ്പറമ്പില്‍ സമാപനസന്ദേശം നല്കി. അല്മായ കമ്മീഷന് സെക്രട്ടറി ഫാ. ബെന്നി പൂത്തറയില്‍, പാട്രിക് മൈക്കിള്‍, മെറ്റില്‍ഡ മൈക്കിള്‍ എന്നിവര്‍ നേതൃത്വം നൽകി.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷ ഇന്ത്യാ സഖ്യം ഡൽഹിയിൽ നടത്തിയ പ്രതിഷേധമാർച്ചിനിടെ ജനപ്രതിനിധികൾക്കു നേരേ അതിക്രമം. ഡൽഹി പൊലിസും കേന്ദ്രസേനാ വിഭാഗങ്ങളും പ്രതിപക്ഷ എംപിമാരെ കൈയേറ്റം ചെയ്യുകയും മർദിക്കുകയും ചെയ്തതായി നേതാക്കൾ പരാതിപ്പെട്ടു.
കേരളത്തിൽനിന്നുള്ള എംപിമാർക്കു നേരേയും ശക്തമായ ബലപ്രയോഗമുണ്ടായി. പലരെയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും പൊലിസ് വാഹനത്തിനുള്ളിലിട്ട് മർദിക്കുകയും ചെയ്തതായി പരാതിയുണ്ട്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ, ആന്റോ ആന്റണി, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, ഇ.ടി. മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, എം.പി. അബ്ദുസമദ് സമദാനി, ജോസ് കെ. മാണി, പി. സന്തോഷ് കുമാർ, എ.എ. റഹീം, ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ തുടങ്ങിയ ജനപ്രതിനിധികളാണു കൈയേറ്റത്തിനിരയായത്.
ആകാശവാണി ഭവനുള്ളിൽ സത്യഗ്രഹമിരുന്ന കെ.സി. വേണുഗോപാൽ എംപിയെ തള്ളിമാറ്റി പ്രിയങ്ക ഗാന്ധി എംപിയെ ബലംപ്രയോഗിച്ച് രാത്രി എട്ടോടെ കസ്റ്റഡിയിലെടുക്കാൻ പൊലിസ് ശ്രമിച്ചതോടെ രംഗം കൂടുതൽ വഷളായി. ഈ നടപടിയിൽ ഇരുവർക്കും പരിക്കേറ്റു.
തൊട്ടുപിന്നാലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവരെ പൊലിസ് വാഹനത്തിലേക്കു ബലമായി വലിച്ചിഴച്ചുകൊണ്ടു പോകുകയായിരുന്നു.
Kerala
ഹരിപ്പാട്: വർഷങ്ങളായി പ്രവർത്തനം നിലച്ചിരിക്കുന്ന കായംകുളം താപവൈദ്യുത നിലയത്തിന്റെ വികസനത്തിനും പുനരുദ്ധാരണത്തിനുമായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു.
ഡൽഹിയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും വൈദ്യുതിമന്ത്രി സണ്ണി ജോസഫും എൻടിപിസി സിഎംഡി ഗുർദീപ് സിംഗുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ചു ധാരണയായത്.
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐഒസി) പുതിയ എൽഎൻജി പൈപ്പ് ലൈൻ പദ്ധതി യാഥാർഥ്യമാകുന്നതോടെ കായംകുളത്ത് വൻ ഊർജസാധ്യതകളാണ് തുറക്കപ്പെടുന്നത്. സംസ്ഥാനത്ത് എൻടിപിസിയുടെയും എൻജിഇഎലിന്റെയും സാന്നിധ്യം ശക്തമാക്കുന്നതും പുതിയ ഊർജസംഭരണ പദ്ധതികളും പുനരുപയോഗ ഊർജ വികസനവും നടപ്പാക്കാനുള്ള സാധ്യതകളും സിഎംഡി സർക്കാരിനെ അറിയിച്ചു.
നാഫ്തയുടെ ഉയർന്ന വില കാരണം ഉത്പാദനച്ചെലവ് കുത്തനെ ഉയർന്നതിനെത്തുടർന്നാണു 350 മെഗാവാട്ട് ശേഷിയുള്ള കായംകുളം നിലയം 2021 മാർച്ച് 31ന് അടച്ചുപൂട്ടിയത്.
എന്നാൽ ഐഒസി പുതിയതായി അനുവദിച്ച 424.65 കിലോമീറ്റർ എൽഎൻജി പൈപ്പ് ലൈനിൽനിന്നു കൊട്ടാരക്കര വഴി 50 കിലോമീറ്റർ ദൂരം പുതിയ പൈപ്പ് സ്ഥാപിച്ചാൽ കായംകുളത്തേക്ക് കുറഞ്ഞ ചെലവിൽ ഇന്ധനമെത്തിക്കാൻ കഴിയും.
കുറഞ്ഞ നിരക്കിൽ എൽഎൻജി ലഭ്യമായാൽ ഘട്ടംഘട്ടമായി 2,400 മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അടിസ്ഥാനസൗകര്യം കായംകുളത്തുണ്ട്.
നിലയത്തിലേക്ക് ഇന്ധനമായി എൽഎൻജി ഉപയോഗിക്കുന്നതിനായി 38 കോടി രൂപ ചെലവഴിച്ച് എൻടിപിസി നേരത്തേതന്നെ ആവശ്യമായ സാങ്കേതികമാറ്റങ്ങൾ വരുത്തിയിരുന്നു.
നിലവിൽ കായംകുളത്തെ കായലിൽനിന്ന് 92 മെഗാവാട്ട് സൗരോർജം സംസ്ഥാനത്തിന് കുറഞ്ഞ നിരക്കിൽ ലഭിക്കുന്നുണ്ട്. എൽഎൻജി വഴിയുള്ള വൻകിട വൈദ്യുതി ഉത്പാദനംകൂടി പുനരാരംഭിക്കുന്നതോടെ സംസ്ഥാനത്തെ ഊർജപ്രതിസന്ധിക്ക് വലിയൊരളവ് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
National
മുംബൈ: ഡൽഹിയിൽ ശനിയാഴ്ച നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കരുതെന്നു കാണിച്ച് മഹാരാഷ്ട്ര ചന്ദ്രാപുരിലെ പ്രവർത്തകർക്ക് പോലീസ് നോട്ടീസ് അയച്ചുവെന്ന് കോക്രോച്ച് പാർട്ടി നേതാവ് അഭിജീത് ദീപ്കെ.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്തിനാണ് യോഗി ആദിത്യനാഥ് 2.0 ആയി പെരുമാറുന്നതെന്നും അദ്ദേഹം ചോദിച്ചു. പൊലിസിനെ മുഖ്യമന്ത്രി ദുരുപയോഗം ചെയ്താണ് ഈ ഏകാധിപത്യ നടപടികൾ സൃഷ്ടിക്കുന്നത്- പത്രസമ്മേളനത്തിൽ ദീപ്കെ ആരോപിച്ചു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രത്തിന്റെ വെറുമൊരു മുദ്രാവാക്യം മാത്രമാണ്. ഒരു രാജ്യം ഒരു രാഷ്ട്രീയ പാർട്ടി എന്നതാണ് യഥാർഥലക്ഷ്യം- അദ്ദേഹം പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ശനിയാഴ്ച മുതൽ ജന്തർ മന്തറിൽ പുതിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു ആവർത്തിച്ച അദ്ദേഹം ജന്തർ മന്തറിലേക്കു പോകുന്നതിനുള്ള പണം എവിടെനിന്നാണ് ലഭിക്കുന്നത് എന്നതുൾപ്പെടെ പൊലീസ് ചോദിക്കുകയാണെന്നും ആരോപിച്ചു.
National
കോൽക്കത്ത/ചെന്നൈ: ഉപതെരഞ്ഞെടുപ്പു നടന്ന ബംഗാളിലും തമിഴ്നാട്ടിലും മികച്ച പോളിംഗ്. തമിഴ്നാട്ടിൽ മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. അധികാരത്തിൽ വന്നശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പെന്ന നിലയിൽ ടിവികെ സർക്കാരിന് ഇരു മണ്ഡലങ്ങളിലെയും വിജയം അനിവാര്യമാണ്.
മധുരാന്തകത്ത് 85.94 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ ധാരാപുരത്ത് 80.31 ശതമാനമാണു പോളിംഗ്. ഒരിടത്തും അനിഷ്ട സംഭവങ്ങളുണ്ടായില്ല. അണ്ണാ ഡിഎംകെ എംഎൽഎമാർ രാജിവച്ച് ടിവികെയിൽ ചേർന്നതാണ് ഉപതെരഞ്ഞെടുപ്പിനു കാരണം.
ബംഗാളിൽ നന്ദിഗ്രാം, റെജിനഗർ മണ്ഡലങ്ങളിലാണു വിധിയെഴുത്തു നടന്നത്. നന്ദിഗ്രാമിൽ 79.39 ശതമാനം പോളിംഗ് രേഖപ്പെടുത്തി. റെജിനഗറിൽ പോളിംഗ് 78.42 ശതമാനമാണ്. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി രാജിവച്ച ഒഴിവിലാണ് നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ഹസിറാണി രഥ് ആണ് ബിജെപി സ്ഥാനാർഥി.
കോൺഗ്രസിലെ മിലൻ പ്രധാൻ ആണു പ്രധാന എതിരാളി. മമത ബാനർജിയുടെ പിന്തുണ പ്രധാനാണ്. 20 വർഷം മുന്‍പുള്ള കേസുകളുടെ പേരിൽ മിലൻ പ്രധാൻ അറസ്റ്റിലായിരുന്നു. വോട്ടെടുപ്പിനു തൊട്ടുമുന്‍പാണ് പ്രധാൻ ജാമ്യത്തിലിറങ്ങിയത്. നന്ദിഗ്രാമിൽ വൻ വിജയമാണു ബിജെപി പ്രതീക്ഷിക്കുന്നത്.
ആം ജനത ഉന്നായൻ പാർട്ടി (എജെയുപി) അധ്യക്ഷൻ ഹുമയൂൺ കബീർ രാജിവച്ച ഒഴിവിലാണ് മൂർഷിദാബാദ് ജില്ലയിലെ റെജിനഗറിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. കബീറിന്റെ മകൻ ഗുലാം നബി ആസാദ് ആണ് എജെയുപി സ്ഥാനാർഥി.
ബിജെപി സഖാറാവ് സർക്കാർ, തൃണമൂൽ മമത പക്ഷത്തെ റബിയുൾ ആലം ചൗധരി, വിമത തൃണമൂലിലെ സഫിയുസ്മാൻ ഷേഖ്, കോൺഗ്രസിലെ മുഹമ്മദ് അബ്ദുള്ളാഹി കാഫി, സിപിഎമ്മിലെ സയിദ് ആസാദ് അലി എന്നിവരും മത്സരിക്കുന്നു.
പോലീസുമായുണ്ടായ വാക്കേറ്റത്തെത്തുടർന്ന് ഹുമയൂൺ കബീറിനെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തു. റെജിനഗറിലെ പാർട്ടി ഓഫീസിൽവച്ചായിരുന്നു പോലീസുമായി തർക്കമുണ്ടായത്. കബീറിനെ പോലീസ് പിടിച്ചുവലിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി.
ആസാമിലെ നാഗാവ് ലോക്സഭാ മണ്ഡലത്തിൽ 80 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാട്ടം നടക്കുന്ന മണ്ഡലമാണിത്.